Saturday, May 4, 2024
spot_img

എ.ഐ ക്യാമറ വിവാദം;പദ്ധതിയുടെ അന്തിമധാരണാപത്രത്തിലെ വ്യവസ്ഥകളില്‍ നേരിയ ഭേദഗതികള്‍ വരുത്തി തടിയൂരാൻ സർക്കാർ നീക്കം

എ.ഐ ക്യാമറ പദ്ധതിയുടെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്താൻ സര്‍ക്കാര്‍ നീക്കം. പദ്ധതിയുടെ അന്തിമധാരണാപത്രത്തിലെ വ്യവസ്ഥകളില്‍ നേരിയ ഭേദഗതികള്‍ വരുത്തി തടിതപ്പാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. പദ്ധതിയുടെ ആകെത്തുക കുറയ്ക്കാനാകുമോ എന്നതുൾപ്പെടെയാണ് ഗതാഗതവകുപ്പ് ഇപ്പോൾ പരിശോധിക്കുന്നത്. എന്നാൽ വ്യവസായ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അന്തിമതീരുമാനം എടുക്കുന്നത്. റിപ്പോര്‍ട്ട് നാളെ സമര്‍പ്പിച്ചേക്കും.

എ.ഐ ക്യാമറ പദ്ധതിയ്ക്ക് സര്‍ക്കാരിന്റെ അനുമതിയുണ്ട്. എന്നാൽ മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മില്‍ ഒരു അന്തിമ ധാരണാപത്രം കൂടി ഒപ്പിടാനുണ്ട്. ഈ ധാരണാപത്രത്തിലൂടെ നിലവിലെ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് ഗതാഗതവകുപ്പിന്റെ ഇപ്പോൾ നീക്കം നടത്തുന്നത്.
എന്നാൽ എന്തെല്ലാം കാര്യങ്ങളിലാണ് മാറ്റം വരുത്തേണ്ടതെന്ന് തീരുമാനിക്കുന്നത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് സമർപ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ്.

ക്യാമറയ്ക്കും ഉപകരണങ്ങള്‍ക്കുമെല്ലാം അമിത വില ചുമത്തിയതുകൊണ്ടാണ് പദ്ധതിക്ക് 232 കോടി ചിലവുവരുന്നതെന്നും ഇത് വൻ അഴിമതിയെന്നുമാണ് സർക്കാരിനെതിരെയുള്ള പ്രധാന ആരോപണം. ഇത് അമിത വിലയാണെന്ന് മുഹമ്മദ് ഹനീഷ് സമർപ്പിക്കുന്ന റിപ്പോർട്ടിലുണ്ടെങ്കിൽ ഈ തുക കുറയ്‌ക്കേണ്ടി വരും. അതേസമയം, കെല്‍ട്രോണിന് തിരിച്ച് നല്‍കേണ്ട തുക കുറക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. അഞ്ച് വര്‍ഷത്തെ പരിപാലനത്തിനായി വകയിരുത്തിയിരിക്കുന്ന 66 കോടിയില്‍ ഇനി മാറ്റം വരുത്താനാകുമോ എന്നതും സർക്കാർ പരിശോധിക്കും. ഇത്തരം മാറ്റങ്ങളിലൂടെ വിവാദത്തില്‍ നിന്ന് തടിതപ്പാനാണ് സർക്കാർ കരുക്കൾ നീക്കുന്നത്.

Related Articles

Latest Articles