മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ എഐഎഎസ്എൽ (AIASL) ജീവനക്കാർ മിന്നൽ സമരം നടത്തി. ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജീവനക്കാരുടെ പെട്ടെന്നുള്ള പ്രതിഷേധം. സമരം കാരണം വിമാനത്താവളത്തിന്റെ പ്രവർത്തനം താളംതെറ്റുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.
മുംബൈയിൽ നിന്നുള്ള പതിനഞ്ചോളം വിമാനങ്ങളാണ് ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ വൈകിയത്. പല വിമാനങ്ങളും ലാൻഡ് ചെയ്ത ശേഷവും യാത്രക്കാർക്ക് മണിക്കൂറുകളോളം പുറത്തിറങ്ങാൻ സാധിച്ചില്ല. ഹൈദരാബാദിൽ നിന്ന് മുംബൈയിൽ എത്തിയ വിമാനത്തിലെ യാത്രക്കാർ ലാൻഡ് ചെയ്ത് ഒരു മണിക്കൂറിലധികം സമയമാണ് വിമാനത്തിനുള്ളിൽ തന്നെ കഴിഞ്ഞുകൂടിയത്. ഗ്രൗണ്ട് സ്റ്റാഫ് ഇല്ലാത്തതിനാൽ വിമാനത്തിന്റെ വാതിൽ തുറക്കാനോ റൺവേയിൽ നിന്ന് ടെർമിനലിലേക്ക് പോകാനുള്ള ഗോവണി (Ladder) എത്തിക്കാനോ സാധിക്കാത്തതായിരുന്നു ഇതിന് കാരണം.
ഗ്രൗണ്ട് ജീവനക്കാരുടെ അസാന്നിധ്യം ലഗേജുകൾ കൈമാറുന്ന പ്രക്രിയയെയും പൂർണ്ണമായി ബാധിച്ചു. വിമാനം ഇറങ്ങി മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് പല യാത്രക്കാർക്കും തങ്ങളുടെ ബാഗേജുകൾ തിരികെ ലഭിച്ചത്. ശമ്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയുടെ സമരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ സർവീസുകളെ ബാധിച്ചതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെട്ടതായി എയർ ഇന്ത്യ മാനേജ്‌മെന്റ് അറിയിച്ചു. തുടർന്ന് അധികൃതർ സമരക്കാരുമായി ചർച്ച നടത്തുകയും ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെ ജീവനക്കാർ സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിച്ചു. മണിക്കൂറുകൾ നീണ്ട പ്രതിസന്ധിക്കൊടുവിൽ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിലവിൽ സാധാരണ നിലയിലായിട്ടുണ്ട്.

