ഇന്ത്യക്കെതിരെ നിഴൽ യുദ്ധം നടത്തുന്ന പാകിസ്ഥാനെതിരെ ശക്തമായ മുന്നറിയിപ്പുമായി ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ . പുൽവാമയിലെ ഭീകരാക്രമണം ഇന്ത്യ മറന്നിട്ടില്ലെന്നും ഉചിതമായ സമയത്ത് അതിനു തക്ക മറുപടി നല്കിയിരിക്കുമെന്നും ദോവൽ പറഞ്ഞു. ഭീകരരെ മാത്രമല്ല അവരുടെ സംരക്ഷകരെയും വെറുതെ വിടില്ലെന്നും അജിത് ദോവൽ കൂട്ടിച്ചേർത്തു.

സിആർപിഎഫിന്റെ എൺപതാം വാര്ഷികത്തോടനുബന്ധിച്ച് ഗുരുഗ്രാമിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദോവൽ . പുൽവാമയിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ട്ടപെട്ട നാല്പത് സിആർപിഎഫ് ജവാൻമാർക്കു ആദരവ് അർപ്പിച്ചുകൊണ്ടാണ് ദോവൽ പ്രസംഗം തുടങ്ങിയത്. പുൽവാമ ഭീകരാക്രമണം ഞങ്ങൾ മറന്നിട്ടില്ല, മറക്കുകയും ഇല്ല. ഭീകരർക്കും അവരുടെ സംരക്ഷകർക്കും എതിരെ നടപടിയുണ്ടാകും. എപ്പോൾ എവിടെയെന്നു ഭരണ നേതൃത്വം തീരുമാനിക്കുമെന്നും ദോവൽ പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിന്റെ പ്രതികാര നടപടി ബാലക്കോട്ട് പ്രത്യാക്രമണം കൊണ്ട് അവസാനിപ്പിക്കാൻ മോദി സർക്കാർ ഉദ്ദേശിക്കുന്നില്ല, എന്നതിന്റെ സൂചനയാണ് ദോവലിന്റെ പ്രസംഗമെന്നു സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.