Friday, October 16, 2026

അളഗിരി ബിജെപി സഖ്യത്തിന്‍റെ ഭാഗമാകുന്നു; തമിഴ്നാട് രാഷ്ട്രീയചരിത്രത്തിലെ നിർണ്ണായകനീക്കം, അമിത് ഷാ- അഴഗിരി കൂടിക്കാഴ്ച ഉടൻ

ചെന്നൈ: നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്നാട്ടിൽ നിർണ്ണായകനീക്കങ്ങളുമായി ബിജെപി. രജനീകാന്തിനെ എന്തുവില കൊടുത്തും സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ, ഡിഎംകെയുടെ തലതൊട്ടപ്പൻമാരിൽ ഒരാളായ കലൈഞ്ജർ കരുണാനിധിയുടെ മൂത്ത മകനായ എം കെ അളഗിരിയെ ബിജെപി സഖ്യത്തിലെത്തിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

ഡിഎംകെയുടെ അധ്യക്ഷനായ സ്റ്റാലിന്‍റെ ബദ്ധവൈരിയായ അളഗിരി പുതിയ പാർട്ടി രൂപീകരിച്ച് ബിജെപി സഖ്യത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ 21-ന് ചെന്നൈയിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തും.

കോൺഗ്രസിന്‍റെ പ്രധാനനേതാക്കളിൽ ഒരാളായിരുന്ന ഖുശ്ബുവിനെ ബിജെപി പാളയത്തിലെത്തിച്ചതിന് പിന്നാലെയാണ് അളഗിരിയെക്കൂടി സഖ്യത്തിലേക്ക് എത്തിക്കാൻ ബിജെപി ശ്രമിക്കുന്നത്. അളഗിരി ബിജെപിയിലെത്തിയാൽ അത് ഡിഎംകെയുടെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ നിർണായകമായ ഒരു വഴിത്തിരിവാകും. തെക്കൻ തമിഴ്നാട്ടിൽ ചില ശക്തികേന്ദ്രങ്ങളിലെങ്കിലും ഡിഎംകെയ്ക്ക് അതൊരു വെല്ലുവിളിയുമാകാം.

Related Articles

Latest Articles