Friday, May 17, 2024
spot_img

ചട്ടങ്ങൾ കാറ്റിൽ പറത്തി അനധികൃത നിയമനം; കയർ ഫെഡില്‍ നിന്ന് പെൻഷനായിട്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യയ്ക്ക് പുനര്‍നിയമനം നൽകിയതായി പരാതി

ആലപ്പുഴ: സർക്കാരിൽ ഉന്നത സ്വാധീനമുണ്ടെങ്കിൽ പെൻഷനായാലും കയർ ഫെഡിൽ (Coirfed) വലിയ ശമ്പളത്തിൽ ജോലിയിൽ തുടരാം. കയര്‍ ഫെഡില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യക്ക് പുനര്‍നിയമനം നൽകിയിരിക്കുകയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ ഭാര്യ ഉൾപ്പെടെ ഇതുവരെ 13 ഓളം പേർക്കാണ് ഹെഡ്ഡ് ഓഫീസിലടക്കം അനധികൃത നിയമനം നൽകിയത്.

കയർ ഫെഡ് ആസ്ഥാനത്തെ പേഴ്സണൽ മാനേജരാണ് സിപിഎം (CPM) ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്‍റെ ഭാര്യ ഷീല നാസർ. വയസ്സ് 58 തികഞ്ഞതോടെ ഇക്കഴിഞ്ഞ ജൂലൈയിൽ വിരമിച്ചു. പക്ഷെ അതേ തസ്തികയിൽ പുനർനിയമനം കൊടുത്തു. ഏറ്റവുമൊടുവിൽ ഷീല കൈപ്പറ്റിയ ശമ്പളം 42581 രൂപയാണ്. ഇനി മറ്റൊരു പുനർനിയമനം സിഐടിയു എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എം പി നാരായണന്‍റേതാണ്. പെൻഷൻ പറ്റിയ നാരായണൻ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വാങ്ങിയ ശമ്പളം, 25, 161 രൂപ.

കയർ ഫെഡ്ഡിലെ പുനർനിയമനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഷീല നാസറും എം പി നാരായണനും. പെൻഷൻ പറ്റിയവരെ ഒരു കാരണവശാലും പുനിർനിയമിക്കരുതെന്നാണ് കേരള സഹകരണ ചട്ടത്തിലുള്ളത്. വലിയ സാമ്പത്തിക ബാധ്യതയും യുവാക്കൾക്ക് തൊഴിലവസരവും നഷ്ടപ്പെടുമെന്നാണ് പറയുന്നത്. എന്നാൽ ഈ ചട്ടങ്ങളെല്ലാം മറികടന്നാണ് അനധികൃത നിയമനങ്ങൾ നടത്തിയത്. പിഎസ്‍സി വഴി ഒഴിവുകൾ ഉടൻ നികത്തും. അതുവരെ പരിചയ സമ്പന്നരെ തുടരാൻ അനുവദിച്ചു. പുനർനിയമനം നടത്താൻ ബോർഡിന് അധികാരമുണ്ടെന്നുമാണ് കയർ ഫെഡ് ചെയർമാൻ എൻ സായികുമാറിന്‍റെ വിശദീകരണം. സംഭവത്തിൽ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

Related Articles

Latest Articles