Friday, May 3, 2024
spot_img

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. റയിൽവെ, ബാങ്ക്, വൈദ്യുതി ബോർഡ് ജീവനക്കാർ, ഓട്ടോ – ടാക്‌സി തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.

അവശ്യസർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.

പണിമുടക്കിനെ തുടർന്ന് ബുധനാഴ്ച്ച നടത്താൻ നിശ്ചയിച്ചിരുന്ന സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു. എം ജി, കണ്ണൂർ സർവ്വകലാശാലകളാണ് പരീക്ഷകൾ മാറ്റിവെച്ചത്. കണ്ണൂർ സർവ്വകലാശാലയിലെ ഏഴാം സെമസ്റ്റർ ബിടെക് പരീക്ഷകൾ ഈ മാസം 13 നും, രണ്ടാം സെമസ്റ്റർ എം എസ് സി ബയോളജി/ ബയോകെമിസ്ട്രി (പാർട്ട് 2) പരീക്ഷകൾ 15 നും, എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി പരീക്ഷകൾ 16 നും നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയ ക്രമത്തിനും മാറ്റമില്ലെന്നും സർവ്വകലാശാല അറിയിച്ചു.

Related Articles

Latest Articles