Monday, January 12, 2026

ആനന്ദ നൃത്തം ചവിട്ടി ക്ഷേത്രനഗരി; പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി അയോദ്ധ്യ; ആതിഥേയന്റെ റോളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; അതിശൈത്യം കാരണം എൽ കെ അദ്വാനി എത്തില്ല

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ മുഖ്യാതിഥിയെ സ്വീകരിക്കാനൊരുങ്ങി അയോദ്ധ്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങൾ ആരംഭിച്ചു. ക്ഷേത്രനഗരി ഇപ്പോൾ അക്ഷരാർത്ഥത്തിൽ ആനന്ദ നൃത്തം ചവിട്ടുകയാണ്. 10:55 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തും. പ്രത്യേക ക്ഷേണിതാക്കളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങി. അതിഥികളെ സ്വാഗതം ചെയ്യുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. അതേസമയം അയോദ്ധ്യ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാവ് എൽ കെ അദ്വാനി പ്രാണപ്രതിഷ്ഠ ചടങ്ങിനെത്തില്ല. അതിശൈത്യം കാരണം അദ്ദേഹത്തിന് എത്താനാകാത്ത സാഹചര്യമാണെന്ന് അദ്ദേഹത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു. യു പി യിലടക്കം ഉത്തരേന്ത്യയിൽ ഇപ്പോൾ അതി ശൈത്യം അനുഭവപ്പെടുകയാണ്.

രാജ്യത്താകമാനം ക്ഷേത്രങ്ങളിൽ അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്. ബിജെപി നേതാക്കളും ഹിന്ദു സംഘടനകളും ഇത്തരം ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലി ബിർള മന്ദിർ സന്ദർശിച്ചു. വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലും ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കുന്നുണ്ട്.

പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് 12.20 മുതൽ നടക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ‌ രാംലല്ല വി​ഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. പ്രധാന യജമാന പദം വഹിക്കുന്ന അദ്ദേഹം ഇന്ന് രാവിലെ 10.55-ഓടെയാകും അയോദ്ധ്യയിലെത്തുക. ഏകദേശം അഞ്ച് മണിക്കൂറുകളോളം അദ്ദേഹം രാമഭൂമിയിൽ തങ്ങും. 84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.പ്രതിഷ്ഠാ കർമ്മത്തിനു ശേഷം വിതരണം ചെയ്യാനായി 20,000 പായ്ക്കറ്റ് മഹാപ്രസാദം തയ്യാറായിട്ടുണ്ട്.പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നാളെ മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കും

Related Articles

Latest Articles