Friday, May 17, 2024
spot_img

മാർക്ക് ലിസ്റ്റ് വൈകിയെന്നാരോപണം ;
പൂർവ വിദ്യാർത്ഥിയായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ ചികിത്സയിലിരിക്കെ മരിച്ചു

ഇൻഡോർ : മാർക്ക് ലിസ്റ്റ് വൈകിയെന്നാരോപിച്ച് പൂർവവിദ്യാർത്ഥിയായ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇൻഡോറിലെ ബിഎം ഫാർമസി കോളജ് പ്രിൻസിപ്പൽ വിമുക്ത ശർമ(54) ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ഇന്ന് പുലർച്ചെ നാലു മണിയോടെ അന്ത്യം സംഭവിച്ചത്.

ഫെബ്രുവരി 20 നായിരുന്നു സംഭവം. മാർക്ക് ലിസ്റ്റ് വൈകുന്നു എന്നാരോപിച്ച് ഓഫീസിലെത്തിയ അശുതോഷ് ശ്രീവാസ്തവ(24) എന്ന പൂർവ വിദ്യാർത്ഥി വിമുക്ത ശർമയുമായി തർക്കത്തിലേർപ്പെടുകയും ഒടുവിൽ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ വിമുക്തയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് 90 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ വിദഗ്‌ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രതി സ്ഥിരമായി കോളജിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും ആത്മഹത്യ ഭീഷണി മുഴക്കിയതായും വിമുക്ത ശർമയും കോളജിലെ മറ്റു ജീവനക്കാരും മൂന്നു തവണ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇതേ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. വിജയ് പട്ടേലിനെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബറിൽ അശുതോഷ് കുത്തിയതിൽ കേസ് നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ പലതവണ കോളേജിലെത്തി തർക്കത്തിലേർപ്പെട്ടിരുന്നു.

സംഭവത്തിനിടെ പൊള്ളലേറ്റ പ്രതി അശുതോഷ് ശ്രീവാസ്തവയെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതക ശ്രമത്തിന് കുറ്റം ചാർത്തി അറസ്റ്റിലായ അശുതോഷിനെതിരെ പ്രിൻസിപ്പൽ മരിച്ചതോടെ കൊലപാതകത്തിനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles