Wednesday, May 8, 2024
spot_img

ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കഴിച്ച് ഉസ്‌ബെകിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണം ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി : ഇന്ത്യന്‍നിര്‍മിത ചുമമരുന്ന് കഴിച്ച് ഉസ്‌ബെകിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന് ഗുരുതരമായ ആരോപണമുയർന്ന പശ്ചാത്തലത്തിൽ കേന്ദ്രസര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാരിയണ്‍ ബയോടെക്ക് എന്ന മരുന്നുനിര്‍മാണ കമ്പനിക്കെതിരേയാണ്കേന്ദ്രം അന്വേഷണം ആരംഭിച്ചത്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും(നോര്‍ത്ത് സോണ്‍) ഉത്തര്‍പ്രദേശ് ഡ്രഗ്‌സ് കണ്‍ട്രോളിങ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയും സഹകരിച്ചാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പരിശോധനയ്ക്കായി മാരിയോണ്‍ ബയോടെക്കില്‍നിന്ന് ചുമമരുന്നിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ആരോപണമുയര്‍ന്ന ചുമമരുന്നിന്റെ നിർമാണം താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട് .

ചണ്ഡീഗഢിലെ റീജണല്‍ ഡ്രഗ്‌സ് ലാബിലേക്ക് സാമ്പികളുകള്‍ അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഉസ്‌ബെകിസ്താനുമായി ആരോഗ്യമന്ത്രാലയം ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .

മരുന്നിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് മാരിയോണ്‍ ബയോടെക്ക് കമ്പനി അധികൃതരും പ്രതികരിച്ചു. ‘സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. പരിശോധന ഫലം ലഭിക്കുന്നതനുസരിച്ച് കമ്പനിയും നടപടിയും സ്വീകരിക്കും. നിലവില്‍ മരുന്നിന്റെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്’- കമ്പനിയിലെ നിയമകാര്യ വിഭാഗം മേധാവി ഹസന്‍ റാസ പറഞ്ഞു.

നോയിഡയിലെ മാരിയോണ്‍ ബയോടെക്ക് കമ്പനി നിര്‍മിച്ച ‘ഡോക്-1 മാക്‌സ്’ ചുമമരുന്ന് കഴിച്ച് 18 കുട്ടികള്‍ക്ക് ജീവൻ നഷ്ട്ടമായെന്നാണ് ഉസ്‌ബെകിസ്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന. പരിശോധനയില്‍ മരുന്നില്‍ എഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായും ഉസ്‌ബെക്കിസ്താന്‍ ആരോഗ്യമന്ത്രാലയം ആരോപിച്ചിരുന്നു .

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഫാര്‍മസിസ്റ്റുകളും രക്ഷിതാക്കളും നിര്‍ദേശിച്ചതുപ്രകാരം മരുന്ന് കഴിച്ച കുട്ടികള്‍ക്കാണ് മരണം സംഭവിച്ചതെന്നാണ് ഉസ്‌ബെക്കിസ്താന്‍ പ്രസ്താവനയില്‍ പറയുന്നത്. രണ്ടുമുതല്‍ ഏഴുദിവസം വരെ മരുന്ന് കഴിച്ച കുട്ടികളെ അവശതകളെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ ഫാര്‍മസികളില്‍നിന്നും ‘ഡോക് 1 മാക്‌സ്’ ടാബ് ലെറ്റും ചുമമരുന്നും പിന്‍വലിച്ചു. സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കാത്തതിന് ഏഴ് ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

Related Articles

Latest Articles