Tuesday, May 7, 2024
spot_img

തെന്മല അതിക്രമം; ആരോപണം അടിസ്ഥാനരഹിതമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ; വകുപ്പ് തല അന്വേഷണം അട്ടിമറിക്കുന്നതായി പരാതി

കൊല്ലം: തെന്മലയിൽ പരാതി നൽകിയതിന്റെ രസീത് ആവശ്യപ്പെട്ട ദളിത് യുവാവിനെ ഇന്‍സ്പെക്ടർ മര്‍ദിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം. മര്‍ദനമേറ്റ രാജീവിന്റെ സഹോദരിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡി വൈ എസ് പി വിശദീകരിക്കുന്നു.

2021 ഫെബ്രുവരി മൂന്നിനാണ് രാജീവിനെ തെന്മല ഇൻസ്പെക്ടറായിരുന്ന വിശ്വംഭരൻ കരണത്തടിച്ചത്. വലിയ വിവാദമായിട്ടും വിശ്വംഭരനെ സംരക്ഷിച്ച പൊലീസിന് ഹൈക്കോടതി വിധിയെ തുടർന്ന് സസ്പെന്റ് ചെയ്യേണ്ടി വന്നു. രാജീവിന്റെ പരാതിയിൽ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. ശാസ്താംകോട്ട ഡി വൈ എസ് പിക്കാണ് ചുമതല. രാജീവിന്റെ സഹോദരിയേയും ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു എന്ന പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഹോദരിയുടെ മൊഴി എടുത്തതിൽ അട്ടിമറി നടന്നു എന്നാണ് ആരോപണം. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഒപ്പമിരുത്തി സഹോദരിയുടെ മൊഴിയെടുപ്പിച്ചെന്നും രാജീവിന്റെ പരാതിയിൽ പറയുന്നു.

വിശ്വംഭരന് അനുകൂലമായ റിപ്പോർട്ട് നൽകുമെന്ന് ഡി വൈ എസ് പി പറഞ്ഞു എന്ന് രാജീവൻ പറയുന്നു. അതിനെതിരെ കേസിനു പോയാൽ നിയമ പരമായി നേരിടുമെന്നും ഡി വൈ എസ് പി പറഞ്ഞു എന്നും രാജീവന്റെ പരാതിയിൽ പറയുന്നു. കേരളാ പൊലീസ് ഡിപാര്‍ട്മെന്റ് എൻക്വയറി പണിഷ്മെന്റ് റൂൾ പ്രകാരം ആരോപണ വിധേയനേയും ഒപ്പമിരുത്തി മൊഴിയെടുക്കാം എന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. അന്വേഷണം ശരിയായ നിലയിലാണ് നടക്കുന്നതെന്നും വളരെ വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ശാസ്താംകോട്ട ഡി വൈ എസ് പി പറഞ്ഞു.

Related Articles

Latest Articles