Saturday, May 4, 2024
spot_img

സൈഡ് മിറർ പൊട്ടിയെന്ന് ആരോപിച്ച് സ്വിഫ്റ്റ് ബസിന്റെ റിയർവ്യൂ അഴിച്ചെടുത്ത് ലോറിക്കാർ ! നോക്കി നിന്ന് ബസ് ജീവനക്കാർ; വൈറൽ വീഡിയോയിൽ നാണം കെട്ട് കെഎസ്ആർടിസി ! ഇലക്ട്രിക് ബസ് വിവാദത്തിൽപ്പെട്ട് ഷെഡിൽ ആയ ഗണേഷ് കുമാർ തല്ക്കാലം വിഷയത്തിൽ ഇടപെട്ടേക്കില്ല ! ബസ് ജീവനക്കാർക്കെതിരായ നടപടിക്കും ലോറിക്കാർക്കെതിരെ കേസിനും സാധ്യത

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തട്ടി സൈഡ് മിറർ പൊട്ടിയെന്ന് ആരോപിച്ച് സ്വിഫ്റ്റ് ബസിന്റെ റിയർവ്യൂ അഴിച്ചെടുത്ത് ലോറി ജീവനക്കാർ തങ്ങളുടെ ലോറിയിൽ ഘടിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കും. ജീവനക്കാർ നോക്കി നിൽക്കെയാണ് ഈ വിചിത്ര സംഭവം നടന്നത്. ലോറി ജീവനക്കാർ തന്നെ സംഭവം ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ഇത് വൈറലാകുകയും ചെയ്തതോടെയാണ് കെഎസ്ആർടിസി നടപടിക്കൊരുങ്ങുന്നത്. ലോറി ജീവനക്കാർക്ക് എതിരെ കേസ് കൊടുക്കാനും സാധ്യതയുണ്ട്.

വിഷയം ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതിരോധത്തിലായ ഗണേശ് കുമാർ തല്ക്കാലം വിഷയത്തിൽ ഇടപെടുന്നില്ലെന്നാണ് സൂചന. നിലവിൽ വിഷയത്തിൽ നിർദ്ദേശമൊന്നും മന്ത്രിയുടെ ഓഫീസ് നൽകിയിട്ടില്ല. വിഷയത്തിൽ വിശദ അന്വേഷണം നടന്നേക്കും. മൂകാംബിക ബസിലാണ് മോഷണം നടന്നത്.

കോട്ടയം മൂകാംബിക റൂട്ടിൽ ഓടുന്ന സ്വിഫ്റ്റ് സീറ്റർ ബസ് ഉടുപ്പിയിൽ വെച്ച് ലോറിയുടെ സൈഡ് മിററിൽ തട്ടിയെന്നും തുടർന്ന് പിന്തുടർന്ന് പിടികൂടിയെന്നുമാണ് പ്രചരിക്കുന്ന വീഡിയോയിൽ ആരോപിക്കുന്നത്. തുടർന്നാണ് പൊട്ടിയ കണ്ണാടിക്ക് പകരമായി സ്വിഫ്റ്റിന്റെ ഇടതുവശത്തെ കണ്ണാടി അഴിച്ചെടുക്കുകയായിരുന്നു. ലോറിജീവനക്കാർ കണ്ണാടി അഴിച്ചെടുക്കുന്നതും സ്വിഫ്റ്റ് ജീവനക്കാർ ഇത് നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പൊട്ടിയ ഗ്ലാസ്സിന്റെ പണം ആവശ്യപ്പെട്ടിട്ടും ജീവനക്കാർ നൽകാതിരുന്നത് കൊണ്ടാണ് ഗ്ളാസ് അഴിച്ചെടുത്തത് എന്നാണ് കരുതുന്നത്.

സംഭവത്തിൽ കേസ് ചാർജ് ചെയ്യപ്പെടുമെന്ന് ഒരാൾ കമന്റായി കുറിച്ചപ്പോൾ ഡിപ്പോയിൽ വിളിച്ചപ്പോൾ ഗ്ലാസ് അഴിച്ചെടുക്കാൻ അനുവാദം ലഭിച്ചുവെന്നാണ് വീഡിയോ പ്രചരിപ്പിച്ചയാൾ പറയുന്നത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെ ഒരു നടപടി ക്രമം ഇല്ലെന്നും കെഎസ്ആർടിസി സ്വിഫ്റ്റ് അധികൃതർ പറയുന്നത്. ബസിലെ ജിവനക്കാരെ വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് വിശദീകരണം തേടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും.

Related Articles

Latest Articles