Sunday, April 28, 2024
spot_img

എപ്പോഴും ക്ഷീണമാണോ? ദിനചര്യകൾ പോലും ചെയ്യാൻ മടിയോ? കാരണം ഇതാണ്

നിങ്ങൾക്ക് ഇപ്പോഴും ക്ഷീണമാണോ? ദിനചര്യകൾ പോലും ചെയ്യാൻ നിങ്ങൾ മടി കാണിക്കുന്നുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. ശരീരത്തിന് ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് നമ്മുടെ ശരീരം പ്രവൃത്തികൾ ചെയ്യാൻ മടി കാണിക്കുന്നത്.

വിളർച്ച ശരീരത്തിന് വേണ്ട അളവിൽ ചുവന്ന രക്തകോശങ്ങൾ ഇല്ലാതാകുന്നത് മൂലമാണ് വിളർച്ച ഉണ്ടാകുന്നത്. ഇത് ക്ഷീണം കൂട്ടും. അയൺ, വൈറ്റമിൻ ബി12 എന്നിവ കുറയുന്നതാണ് വിളർച്ചയുടെ കാരണം. രക്തം പരിശോധിച്ച് പോഷകങ്ങളുടെ കുറവ് കണ്ടെത്തി പ്രശ്നം പരിഹരിക്കണം. ഭക്ഷണക്രമം നിയന്ത്രിച്ചും സപ്ലിമെൻറുകൾ കഴിച്ചുമൊക്കെ വിളർച്ച മാറ്റാം.

പ്രമേഹം ശരീരം ആവശ്യമുള്ള ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ ഉൽപാദിപ്പിച്ച ഇൻസുലിനെ ശരിയായി ഉപയോ​ഗിക്കാതിരിക്കുകയോ ചെയ്യുമ്പോൾ പ്രമേഹത്തിന് കാരണമാകും. ഇത് രക്തത്തിൽ ഗ്ലൂക്കോസ് അമിതമായി കെട്ടിക്കിടക്കാൻ കാരണമാകും. ഗ്ലൂക്കോസിനെ ശരീരം ഊർജമാക്കി മാറ്റാത്തതുകൊണ്ട് ക്ഷീണം തോന്നിയേക്കാം.

സ്ലീപ് അപ്നിയ ഉറങ്ങുന്നതിനിടയിൽ അൽപസമയം ശ്വാസം നിലച്ച് പോകുന്ന അവസ്ഥയാണിത്. ഉറക്കത്തിന്റെ നിലവാരം കുറയ്ക്കാനും ക്ഷീണമുണ്ടാകാനും ഇത് കാരണമാകും. ഉറക്കെയുള്ള കൂർക്കം വലിയും ശ്വാസംമുട്ടുന്നതു പോലെയുള്ള ശബ്ദവുമൊക്കെ സ്ലീപ് അപ്നിയ ലക്ഷണങ്ങളാണ്.

തൈറോയ്ഡ് തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉൽപാദിപ്പിക്കാത്ത അവസ്ഥ നമ്മുടെ ചയാപചയത്തെ മന്ദ​ഗതിയിലാക്കും. ഇത് മൂലവും ക്ഷീണമുണ്ടാകും. തൈറോയ്ഡ് ഗ്രന്ഥി അമിതമായി ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന അവസ്ഥയും ക്ഷീണത്തിന് കാരണമാകും. അതുകൊണ്ട്, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തി ചികിത്സിക്കണം.

ജീവിതശൈലി ശരീരത്തിന് ക്ഷീണമുണ്ടാക്കുന്ന ഘടകങ്ങളിൽ ഒന്നാണ് മോശം ഭക്ഷണക്രമം. അനാരോഗ്യകരമായ കൊഴുപ്പ് ചേർന്ന ഭക്ഷണവും മധുരം കൂടിയതും സംസ്കരിച്ചതുമായ ഭക്ഷണവും ശരീരത്തിന് ക്ഷീണമുണ്ടാക്കും. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമൊക്കെ അടങ്ങിയ ന്തുലിതമായ ഭക്ഷണക്രമം ശീലിച്ച് ഈ പ്രശ്നം പരിഹരിക്കാം. നിർജലീകരണവും ക്ഷീണമുണ്ടാകാൻ ഒരു കാരണമാണ്.

Related Articles

Latest Articles