ദില്ലി :ആമസോൺ അടുത്തിടെ പ്രഖ്യാപിച്ച 14,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം സാമ്പത്തികപരമായ ചെലവ് ചുരുക്കലിനോ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലേക്കുള്ള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയോ ഭാഗമായല്ലെന്ന് സിഇഒ. ആൻഡി ജാസ്സി . പകരം, കമ്പനിക്കുള്ളിൽ ഒരു സാംസ്കാരിക മാറ്റം കൊണ്ടുവരാനും പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കൂട്ടപ്പിരിച്ചുവിടലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പാദത്തിൽ ആമസോൺ 180.2 ബില്യൺ ഡോളർ വരുമാനം രേഖപ്പെടുത്തിയിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 13% വർധനവാണ്. ലാഭം 21 ബില്യൺ ഡോളറിലെത്തുകയും ചെയ്തു. എന്നിരുന്നാലും, പിരിച്ചുവിടലുമായി ബന്ധപ്പെട്ട സെവറൻസ് പേയ്‌മെൻ്റുകൾക്കായി കമ്പനി ഈ പാദത്തിൽ 1.8 ബില്യൺ ഡോളർ നീക്കിവെച്ചിട്ടുണ്ട്.
ആമസോണിൻ്റെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 1.55 ദശലക്ഷമാണ്. ഇതിൽ 350,000 ഓഫീസ് ജീവനക്കാരെയാണ് ഈ പിരിച്ചുവിടൽ ബാധിക്കുക. “കൂടുതൽ ശക്തരാകാൻ” ഈ നീക്കം അനിവാര്യമാണെന്ന് പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി സീനിയർ വൈസ് പ്രസിഡൻ്റ് ബെത്ത് ഗാലെറ്റി ജീവനക്കാർക്ക് അയച്ച മെമ്മോയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് വിഭവങ്ങൾ മാറ്റേണ്ടതുണ്ടെന്നും അവർ അറിയിച്ചു.
പിരിച്ചുവിടൽ പ്രഖ്യാപനം പ്രാഥമികമായി സാമ്പത്തികപരമായോ AI-യുമായി ബന്ധപ്പെട്ടോ ഉള്ളതല്ല, മറിച്ച് സാംസ്കാരികപരമായ മാറ്റത്തിന് വേണ്ടിയുള്ളതാണെന്ന് ഏറ്റവും പുതിയ ത്രൈമാസ വിശകലനത്തിൽ ജാസ്സി ഊന്നിപ്പറഞ്ഞു.
2017-2022 കാലഘട്ടത്തില്‍, പ്രത്യേകിച്ച് കോവിഡിനു ശേഷം ഓഫീസ് ജോലികളിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. ഇത് ബ്യൂറോക്രസിയുടെ തലങ്ങൾ കൂട്ടി, തീരുമാനങ്ങള്‍ വൈകിച്ചു. അതിവേഗം മുന്നേറുന്ന ഈ യുഗത്തില്‍ വലിയൊരു കമ്പനിക്ക് പതുക്കെ നീങ്ങാനാവില്ലെന്ന് ആന്റി ജാസി പറഞ്ഞു.
ഈ പ്രശ്‌നം പരിഹരിക്കാന്‍, മുമ്പത്തെ സ്റ്റാര്‍ട്ടപ്പ് മാതൃകയിലേക്ക് ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോര്‍പ്പറേറ്റ്, ഓഫീസ് ജോലികളിലുള്ളവരെയാണ് പ്രധാനമായി ഒഴിവാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് എന്ന നിലയിൽ പ്രവർത്തിക്കാൻ ആമസോൺ പ്രതിജ്ഞാബദ്ധമാണെന്ന് ജാസ്സി വ്യക്തമാക്കി. നിലവിൽ നടക്കുന്ന സാങ്കേതികപരമായ മാറ്റങ്ങൾ കമ്പനിക്ക് വേഗത്തിൽ നീങ്ങാൻ കഴിയുന്ന ഒരു ഘടന ആവശ്യപ്പെടുന്നു. സംഘടനയിലെ അധിക തസ്‌തികകൾ ഈ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൻകിട കമ്പനികളിൽ AI-യുടെ വളർച്ച ജോലി നഷ്ടത്തിന് കാരണമായേക്കുമെന്ന് ഈ വർഷം ആദ്യം ജാസ്സി സൂചന നൽകിയിരുന്നു. നിലവിൽ ചെയ്യുന്ന ചില ജോലികൾക്ക് കുറഞ്ഞ ആളുകളെയും മറ്റ് ജോലികൾക്ക് കൂടുതൽ ആളുകളെയും ആവശ്യമായി വരും,അദ്ദേഹം ഒരു മെമ്മോയിൽ എഴുതിയിരുന്നു.
എങ്കിലും, പലപ്പോഴും സാമ്പത്തികപരമായ കാരണങ്ങളാൽ നടക്കുന്ന പിരിച്ചുവിടലുകൾക്ക് AI ഒരു ഒഴികഴിവായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ, ആമസോൺ ഈ വാദത്തെ വ്യക്തമായി നിഷേധിക്കുന്നു. അതിനാൽ, കാര്യക്ഷമതയും വേഗത്തിലുള്ള തീരുമാനമെടുക്കലും പ്രധാനമായ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു വിപണിയിൽ കൂടുതൽ കാര്യക്ഷമമാകാൻ ആകാൻ ആമസോൺ നടപ്പിലാക്കുന്ന വിപുലമായ പുനഃസംഘടനയുടെ ഭാഗമാണ് ഇപ്പോഴത്തെ കൂട്ടപ്പിരിച്ചുവിടൽ.

