Wednesday, September 23, 2026

അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്: പിടിയിലായ പ്രതി കൊടുംകുറ്റവാളി; കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊന്നയാളെന്ന് പോലീസ്

അമ്പലമുക്കിൽ ചെടി വില്പനശാലയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന പ്രതി കൊടും കുറ്റവാളി. തമിഴ്‌നാട്ടില്‍ ഇരട്ടക്കൊലകേസില്‍ പ്രതിയായ രാജേന്ദ്രനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാൾ 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കേസില്‍ വിചാരണ തുടങ്ങും മുന്‍പ് ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് പേരൂര്‍ക്കടയിലെ ഹോട്ടലില്‍ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്. മാത്രമല്ല തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍.

മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്പലമുക്ക് കുറവന്‍കോണം റോഡിലെ അമ്പലനഗറില്‍ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലീനിക്ക് എന്ന കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനിത മോളാണ് (38) കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിനീതയുടെ നാലരപ്പവന്റെ മാല നഷ്ടമായിരുന്നു.

എന്നാല്‍ വിൽപനശാലയിലെ കളക്ഷന്‍ പണമായ 25,000 രൂപ ഹാന്‍ഡ് ബാഗില്‍ തന്നെയുണ്ടായിരുന്നു. അതേസമയം വിനിത മോളുടെ മൃതദേഹത്തിൽ കഴുത്തിൽ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ടായിരുന്നു. പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ് മുറിവേറ്റത്. കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് മൃതദേഹം കണ്ടത്. പത്ത് മാസം മുമ്പാണ് വിനിത ഇവിടെ ജോലിക്ക് ചേർന്നത്.

കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവദിവസം കടയില്‍നിന്ന് ഇറങ്ങിപ്പോയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്നലെ പുറത്തിവിട്ടിരുന്നു. തുടർന്ന് പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും പൊലീസ് പരസ്യപ്പെടുത്തി. ഇയാള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷ, ബൈക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഷാഡോ പൊലീസും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ തമിഴ്നാട്ടില്‍ ഉണ്ട് എന്ന വിവരം ലഭിച്ചു. പൊലീസ് സംഘം എത്തി പുലര്‍ച്ചെയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Related Articles

Latest Articles