Tuesday, May 21, 2024
spot_img

അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം ഇസ്രായേലിൽ; പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുമെന്ന് പ്രതിരോധ സേന

ടെല്‍ അവീവ്: അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാനം ഇസ്രായേലിലെത്തി. തെക്കൻ ഇസ്രായേലിലെ നെവാറ്റിംഗ് എയർബേസിലാണ് ആദ്യ വിമാനം എത്തിയത്. ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് ഇസ്രായേലിനും തങ്ങളുടെ പ്രതിരോധ സേനയ്‌ക്കും അമേരിക്ക നൽകിയ പിന്തുണയ്‌ക്കും സഹായത്തിനും ഏറെ നന്ദിയുള്ളവരായിരിക്കുമെന്ന് ഐഡിഎഫ് ട്വീറ്റ് ചെയ്തു. അമേരിക്കയുടേയും ഇസ്രായേലിന്റേയും സൈനിക ശക്തികൾ തമ്മിലുള്ള സഹകരണം മുൻപത്തേതിലും ശക്തമാണെന്നും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിലെ പ്രധാന ഭാഗമാണിതെന്ന് പൊതു ശത്രുക്കൾക്ക് അറിയാമെന്നും ട്വീറ്റിൽ പറയുന്നു.

അതേസമയം, വരും ദിവസങ്ങളിൽ ഇസ്രായേലിന് കൂടുതൽ സഹായം എത്തിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രായേൽ പ്രതിരോധ സേന വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകൾക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി കൂട്ടിച്ചേർത്തു.

അതേസമയം, ഏതൊക്കെ തരം ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് ലഭിച്ചതെന്ന കാര്യം ഐഡിഎഫ് വെളിപ്പെടുത്തിയിട്ടില്ല. യുദ്ധോപകരണങ്ങൾക്ക് പുറമെ സാമ്പത്തിക സഹായവും ഇസ്രായേലിന് കൈമാറുമെന്ന് യുഎസ് ആർമി സെക്രട്ടറി ക്രിസ്റ്റീൻ വോർമൂത്ത് പറഞ്ഞു. വരും ദിവസങ്ങളിലും ഇസ്രായേലിനെ പിന്തുണച്ച് മുന്നോട്ട് പോവുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വോർമൂത്ത് കൂട്ടിച്ചേർത്തു.

ഇതിനിടെ യു.എസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ വ്യാഴാഴ്ച ഇസ്രായേലിലെത്തും. ഹമാസ്- ഇസ്രായേൽ യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് ഒരു വിദേശരാജ്യ പ്രതിനിധി ഇവിടേക്ക് എത്തുന്നത്. ഇസ്രായേലിന് അമേരിക്ക പ്രഖ്യാപിച്ച പിന്തുണയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഈ സന്ദര്‍ശനത്തിലൂടെ പങ്കുവയ്ക്കും. ഇസ്രായേലില്‍ നിന്ന് മടങ്ങും വഴി ബ്‌ളിങ്കന്‍ ജോര്‍ദാനിലും സന്ദര്‍ശനം നടത്തും.

Related Articles

Latest Articles