ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് പ്രതീക്ഷിച്ച നിലയിൽ നേട്ടമുണ്ടാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി സമർപ്പിച്ച ദേവേന്ദ്ര ഫഡ്‌നാവിസിനോട് തൽസ്ഥാനത്ത് തുടരാൻ അമിത് ഷാ നിർദേശിച്ചു.രാജി, ബിജെപി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും രാജിയെ സംബന്ധിച്ച് വിശദമായി ഞായറാഴ്ച നടക്കുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞക്കുശേഷം ചർച്ച ചെയ്യാമെന്നും അമിത് ഷാ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാത്രമല്ല മഹാരാഷ്ട്ര സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരാനും സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ രൂപവത്ക്കരിക്കാനും ഫഡ്‌നാവിസിനോട് ഷാ നിർദ്ദേശിക്കുകയും ചെയ്തു എന്നാണ് വിവരം.
2019-ൽ മഹാരാഷ്ട്രയിൽ 23 സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 10 സീറ്റുകളാണ് ലഭിച്ചത്. 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ടയിൽ എൻഡിഎ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്. എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ്), കോൺഗ്രസ് എന്നീ പാർട്ടികളടങ്ങുന്ന മഹാവികാസ് അഘാഡി 29 സീറ്റുകൾ നേടി. 2019-ൽ ഒരു സീറ്റ് മാത്രം ലഭിച്ച കോൺഗ്രസ് ഇത്തവണ നേടിയത് 13 സീറ്റുകളാണ്.

