Monday, May 6, 2024
spot_img

കശ്മീര്‍ വിഷയത്തില്‍ ജെറെമി കോര്‍ബിനുമായുള്ള കൂടിക്കാഴ്ച; രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ

ദില്ലി : എന്‍സിപിയിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ അവരുടെ രാഷ്ട്രീയ കുടുംബത്തിലെ പ്രതിനിധികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ജനങ്ങള്‍ക്കു വേണ്ടിയല്ലെന്ന് ബിജെപി പ്രസിഡന്‍റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍സിപി കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ കുടുംബത്തിന്‍റെ ക്ഷേമം മുന്‍ നിര്‍ത്തിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. കുടുംബത്തില്‍ നിന്നുള്ള പ്രതിനിധിയെപ്പോലെ മാറിമാറിയാണ് ഭരിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

കശ്മീര്‍ വിഷയം വിദേശ നേതാവുമായി ചര്‍ച്ച നടത്തിയതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ബ്രിട്ടണ്‍ ലേബര്‍ പാര്‍ട്ടി ലീഡര്‍ ജെറെമി കോര്‍ബിനുമായി യുകെ സന്ദര്‍ശനവേളയില്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു.

കശ്മീര്‍ ആഭ്യന്തര വിഷയമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്. എന്നിരിക്കേ കശ്മീരില്‍ സമാധാനാന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രതിനിധി വിദേശ നേതാവിനോട് പറഞ്ഞത്. ഇത്തരത്തില്‍ എന്തിനാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങള്‍ വിദേശ നേതാക്കളുമായി ചര്‍ച്ചചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

കശ്മീര്‍ സംബന്ധിച്ച് മൂന്നാമതൊരു കക്ഷിക്ക് കൈകടത്തേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ക്ഷമാപണം നടത്തണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles