Friday, May 3, 2024
spot_img

ഭീകരരുടെ വിളയാട്ടത്തിന് കടിഞ്ഞാണിടാൻ അമിത് ഷാ; ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ ഉന്നതതലയോഗം

 

ദില്ലി: ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. ഇന്നലെ ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അടിയന്തിര നീക്കം. ജമ്മു കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ അമിത് ഷാ വിശദമായി വിലയിരുത്തുമെന്നാണ്‌ റിപ്പോർട്ടുകൾ.

കൂടാതെ കശ്മീരിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയാകും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. അമർനാഥ് യാത്രയ്‌ക്ക് ഒന്നര മാസമാണ് ഇനി ബാക്കിയുള്ളത്. തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്യും.

അതേസമയം ജൂൺ 30 മുതൽ ആഗസ്റ്റ് 11 വരെയാണ് അമർനാഥ് യാത്ര. തീർത്ഥാടകരുടെ സുരക്ഷയ്‌ക്കായി കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ, ഡ്രോണുകൾ, ഡ്രോൺ വേധാ സാങ്കേതിക വിദ്യകൾ എന്നിവ പ്രയോജനപ്പെടുത്താനാണ് തീരുമാനം.

മാത്രമല്ല കൂടുതൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഈ വർഷം അമർനാഥ് യാത്ര സംഘടിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ട് വർഷവും യാത്ര സംഘടിപ്പിക്കാതിരുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷമായതിനാൽ അമർനാഥ് യാത്രയിൽ കൂടുതൽ ആളുകൾ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles