Sunday, May 5, 2024
spot_img

ആവേശമായി അമിത് ഷായുടെ തമിഴ്നാട് സന്ദർശനം; രജനികാന്തുമായി കൂടിക്കാഴ്ച; ശേഷം യോജിച്ച സമയത്ത് ഉചിതമായ പ്രഖ്യാപനത്തിന് കാതോർക്കാൻ അണികളോട് ആഹ്വാനം

ചെന്നൈ: തമിഴ്നാട്ടിൽ ആവേശം തീർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അദ്ദേഹം റോഡ് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
സംസ്ഥാനത്ത് കേന്ദ്ര സർക്കാർ ആരംഭിക്കുന്ന 67,000 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ടു ജി സെപ്ക്ട്രം അഴിമതി ഉൾപ്പടെ പരാമർശിച്ച് ഡിഎംകെയ്ക്കും കോൺഗ്രസിനും എതിരെ അമിത് ഷാ ആഞ്ഞടിച്ചു. ഡിഎംകെയ്ക്കും കോൺഗ്രസിനും അഴിമതിക്കെതിരെ സംസാരിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് ചോദിച്ച അദ്ദേഹം അഴിമതിയുടെ കുടുംബ കൂട്ടായ്മയാണ് അതെന്ന് പരിഹസിച്ചു. മികച്ച ജനപിന്തുണയുള്ള ആളുകൾ എൻഡിഎയുടെ ഭാഗമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മന്ത്രിമാരും നേരിട്ടെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയെ സ്വീകരിച്ചു. ഉപമുഖ്യമന്ത്രി പനീർശെല്വവുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി. അമിത് ഷായെ അഭിനവ ചാണക്യനെന്ന് വിശേഷിപ്പിച്ച പനീർശെല്വം, എൻഡിഎ സഖ്യം തമിഴ്നാട്ടിൽ അധികാര തുടർച്ച നേടുമെന്ന് വ്യക്തമാക്കി.
അതേസമയം കരുണാനിധിയുടെ മൂത്ത മകൻ അഴഗിരി എൻഡിഎയിൽ ചേരാനുള്ള സാദ്ധ്യതകൾ ശക്തമാക്കി. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ ബിജെപി അംഗത്വം സ്വീകരിച്ചു.

സൂപ്പർ താരം രജനികാന്തുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച അദ്ദേഹം യോജിച്ച സമയത്ത് ഉചിതമായ പ്രഖ്യാപനത്തിന് കാതോർക്കാനും അണികളോട് ആഹ്വാനം ചെയ്തു. സഖ്യചർച്ചകൾ താൻ കൃത്യമായി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയ അമിത് ഷാ, താഴേത്തട്ടിൽ പ്രചാരണത്തിൽ ശ്രദ്ധിക്കാൻ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശവും നൽകി.
എംജിആറിന്റെയും ജയലളിതയുടേയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ അമിത് ഷാ റോഡ് ഷോയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിൽ നിന്നറങ്ങി നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

Related Articles

Latest Articles