Monday, October 26, 2026

പ്രതിദിനം 12 കോടിയുടെ അധിക ബാധ്യത. കടുത്ത പ്രതിസന്ധിക്കിടയിലും ഉയര്‍ന്ന നിരക്കിലെ വൈദ്യുതി വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും എന്‍ടിപിസിയില്‍ (NTPC) നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് കെഎസ്ഇബിയും സര്‍ക്കാരും പിന്മാറുന്നു. യൂണിറ്റിന് 30 രൂപ എന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിന് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. യൂണിറ്റിന് 30 രൂപ നിരക്കില്‍ പവര്‍ വാങ്ങിയാല്‍ പ്രതിദിനം 12 കോടി രൂപയിലധികം അധികച്ചെലവ് വരും. ഇത് ബോര്‍ഡിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ജനങ്ങള്‍ക്ക് മേല്‍ വലിയ സാമ്പത്തിക ഭാരമായി മാറുമെന്നും കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചു.

ഉയര്‍ന്ന നിരക്കിലുള്ള പവര്‍ ഒഴിവാക്കി, കുറഞ്ഞ നിരക്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ കെഎസ്ഇബി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേന്ദ്ര നിലയങ്ങളില്‍ നിന്നും ആണവനിലയങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി വിഹിതം ഉറപ്പാക്കുന്നതിനായി കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) സിഎംഡിയുമായി ഡല്‍ഹിയില്‍ നേരിട്ട് ചര്‍ച്ച നടത്തും. മഴയുടെ കുറവും ഉയര്‍ന്ന ചൂടും കാരണം മുന്‍വര്‍ഷത്തേക്കാള്‍ 1,000 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് ഈ സെപ്റ്റംബറിലുള്ളത്. ഡാമുകളില്‍ വെള്ളമില്ലാത്തത് പ്രതിസന്ധിയുടെ ആഘാതം വര്‍ദ്ധിപ്പിച്ചു.

എന്‍ടിപിസി പവര്‍ വേണ്ടെന്നുവെക്കുന്നത് താത്കാലികമായി കെഎസ്ഇബിയുടെ ധനക്കമ്മി ഒഴിവാക്കുമെങ്കിലും, ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്ന് എത്രയും വേഗം വൈദ്യുതി എത്തിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് പവര്‍കട്ടോ ലോഡ്‌ഷെഡ്ഡിംഗോ ഏര്‍പ്പെടുത്തേണ്ടി വരും. ഡല്‍ഹി ചര്‍ച്ചകളില്‍ കേന്ദ്ര വിഹിതം ഉറപ്പാക്കാന്‍ സാധിച്ചാല്‍ മാത്രമേ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമാകൂ.

Related Articles

Latest Articles