Tuesday, May 14, 2024
spot_img

സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂർത്തം ! അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ പാക് താരത്തെയും ത്രിവർണ പതാകയ്ക്ക് താഴെ ചേർത്ത് നിർത്തി നീരജ് ചോപ്ര

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ, തന്റെ അതുല്യ പ്രകടനത്തിലൂടെ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണ മെഡൽ സമ്മാനിച്ചിരിക്കുകയാണ് നീരജ് ചോപ്ര. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നീരജ് ചോപ്ര സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തിരിക്കുകയാണ്. ഇപ്പോഴിതാ, ഇന്ത്യക്കാരുടെ മാത്രമല്ല, പാകിസ്താൻ ആരാധകരുടെയും മനം കവർന്നിരിക്കുകയാണ് താരം. തനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി നേടിയ പാകിസ്താൻ താരം അർഷാദ് നദീമിനെ ഇന്ത്യൻ ദേശീയ പതാകയ്ക്ക് താഴെ ചേർത്ത് നിർത്തിയാണ്, മത്സരത്തിന് ശേഷമുള്ള ഫോട്ടോ സെഷനിൽ നീരജ് ചോപ്ര സാഹോദര്യത്തിന്റെ മാതൃക ഇരു രാജ്യങ്ങളിലെയും ആരാധകർക്ക് പകർന്നു നൽകിയത്.

എന്തായാലും, നീരജ്ചോപ്രയുടെ ഈ പ്രവൃത്തിയെ ഇരു രാജ്യങ്ങളിലെയും ആരാധകർ നെഞ്ചിലേറ്റുകയാണ്. സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂർത്തമാണ് നീരജ് ചോപ്ര സമ്മാനിച്ചിരിക്കുന്നത് എന്നാണ് ഒരു പാക് ആരാധകൻ ഇൻസ്റ്റഗ്രാമിൽ ഈ ചിത്രത്തോടൊപ്പം കുറിച്ചത്. കായിക താരങ്ങൾക്ക് ഇന്ത്യ ഒരുക്കി നൽകുന്ന സൗകര്യങ്ങളുടെ പത്തിലൊന്ന് പോലും പാകിസ്താനിലെ താരങ്ങൾക്ക് അവരുടെ സർക്കാർ നൽകുന്നില്ലെന്നും കുറിപ്പിലുണ്ട്. കായിക മത്സരങ്ങൾ ദേശങ്ങളെ ഒരുമിപ്പിക്കുന്നു എന്നാണ് മറ്റൊരാൾ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചത്. ഒരു പാകിസ്താനി എന്ന നിലയിൽ ഈ ചിത്രം തനിക്ക് ഏറെ പ്രിയങ്കരമാണെന്നും നീരജ് ഭായിക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുമെന്നാണ് മുൾട്ടാനിൽ നിന്നുള്ള ഒരു ആരാധകന്റെ പ്രതികരണം.

Related Articles

Latest Articles