വർക്കല : പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ വീട്ടമ്മ വർക്കല പോലീസിൽ നിന്ന് നേരിട്ടത് പരിഹാസം. പോലീസിനെതിരെ ഗുരുതര ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ് വീട്ടമ്മ. കനാൽ പുറമ്പോക്കിൽ താമസിക്കുന്നത് പരിഹസിച്ചെന്നും വീട്ടമ്മ വ്യക്തമാക്കി. ഫെബ്രുവരി 28ന് രാത്രി മകന്റെ പ്രായമുള്ള സമീപവാസി ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. ആ രാത്രിയിൽ തന്നെ സഹോദരിയേയും കൂട്ടി വീട്ടമ്മ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
എന്നാൽ അതിക്രമം കാട്ടി ദേഹത്തു മുറിവേൽപ്പിച്ച ആളെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ കൂട്ടാക്കിയില്ലെന്നും ആരോപണ വിധേയനെ പിടികൂടി കൊണ്ട് വരാൻ പരാതിക്കാരിയോട് പറഞ്ഞതായും പരാതിക്കാരി വ്യക്തമാക്കി.തുടർന്ന് വീട്ടമ്മ വർക്കല ഡിവൈഎസ്പിക്ക് പരാതി നൽകി. വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചെന്ന് ഡിവൈഎസ്പി അറിയിച്ചു. മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും വീട്ടമ്മ പറഞ്ഞു.

