കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കടബാദ്ധ്യതയെത്തുടര്‍ന്ന് കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്. നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസ് ആണ് മരിച്ചത്. 64 വയസായിരുന്നു. ലക്ഷങ്ങളുടെ കടബാദ്ധ്യതയും കൃഷിനാശവും വന്യജീവി ആക്രമണങ്ങളിലും മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പാട്ടത്തിന് സ്ഥലം ഏറ്റെടുത്തായിരുന്നു കൃഷി നടത്തിയിരുന്നത്. എന്നാൽ ന്യായ വിള ലഭിക്കാത്തതിനെ തുടർന്ന് വൻ സാമ്പത്തിക നഷ്ടം ഉണ്ടായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് കർഷകരാണ് കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തത്.
ഏത്ത വാഴകൃഷിയായിരുന്നു ജോസ് നടത്തിയിരുന്നത്. വിവിധ സഹകരണ സംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ജോസ് ലക്ഷങ്ങൾ കടം വാങ്ങിയാണ് ഏത്തവാഴകൃഷി നടത്തിയിരുന്നത്. ഇന്നു രാവിലെയാണ് ജോസിലെ വീട്ടിന് സമീപം മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കടബാദ്ധ്യതയെ തരണം ചെയ്ത് തനിക്ക് കൃഷി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും ആത്മഹത്യ അല്ലാതെ മറ്റ് വഴിയില്ലെന്നും ജോസിൻ്റെ സുഹൃത്തിനോട് പറഞ്ഞതായി പോലീസ് പറഞ്ഞു.

