Friday, April 26, 2024
spot_img

ഹിജാബ്‌ വിരുദ്ധപ്രക്ഷോഭം ആളിക്കത്തുന്നു; പ്രക്ഷോഭകരെ നിഷ്‌ഠുരം കൊന്നുതള്ളി ഇറാന്‍, കുടുംബാംഗങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്ത് ആശുപത്രിയില്‍നിന്നു മൃതദേഹം ബലമായി പിടിച്ചെടുത്ത് സൈന്യം

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ്‌ വിരുദ്ധപ്രക്ഷോഭത്തേത്തുടര്‍ന്ന്‌ പൊട്ടിപ്പുറപ്പെട്ട ജനകീയമുന്നേറ്റത്തിനു നേരേ അതിക്രമം അഴിച്ചുവിട്ട്‌ ഭരണകൂടം. കൊല്ലപ്പെട്ട പ്രതിഷേധക്കാരില്‍ ഒരാളുടെ കുടുംബാംഗങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്ത സൈന്യം ആശുപത്രിയില്‍നിന്നു മൃതദേഹം ബലമായി പിടിച്ചെടുത്തു. കഴിഞ്ഞ ബുധനാഴ്‌ച ആരംഭിച്ച കലാപം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

1979-ലെ ഇസ്ലാമികവിപ്ലവത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്‌ ഇപ്പോൾ നടക്കുന്നത്. ശിരോവസ്‌ത്രം ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ്‌ കസ്‌റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന യുവതി കഴിഞ്ഞ സെപ്‌റ്റംബര്‍ 16-നു കൊല്ലപ്പെട്ടതിനേത്തുടര്‍ന്നാണ്‌ ഇറാനില്‍ മതഭരണകൂടത്തിനെതിരേ ശക്‌തമായ ജനകീയ പ്രക്ഷോഭം നടന്നത്.

പ്രക്ഷോഭത്തിനെതിരായ പോലീസ്‌, സൈനികനടപടികള്‍ക്കിടെ 342 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി മനുഷ്യാവകാശസംഘടനയായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ (ഐ.എച്ച്‌.ആര്‍) ചൂണ്ടിക്കാട്ടി. ആറുപേരെ വധശിക്ഷയ്‌ക്കു വിധേയരാക്കി. ആയിരക്കണക്കിനുപേര്‍ അറസ്‌റ്റിലായി. ഇറാന്റെ 31 പ്രവിശ്യകളില്‍ 22 ഇടത്തും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. സിസ്‌താന്‍-ബലൂചിസ്‌താന്‍ പ്രവിശ്യയില്‍ മാത്രം 123 പേരും മഹ്‌സ അമിനിയുടെ ജന്മനാടായ കുര്‍ദിസ്‌താന്‍ പ്രവിശ്യയില്‍ 32 പേരും കൊല്ലപ്പെട്ടു.

കുര്‍ദിസ്‌താനിലെ ബുകാന്‍ പട്ടണത്തിലാണു കഴിഞ്ഞദിവസം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്‌. ബുകാനിലെ ഷാഹിദ്‌ ഘോലിപുര്‍ ആശുപത്രി ആക്രമിച്ച റവലൂഷണറി ഗാര്‍ഡ്‌സ്‌ ബന്ധുക്കൾക്ക് നേരെയായിരുന്നു വെടിയുതിർത്തത്. ഷഹര്യാര്‍ മുഹമ്മദി എന്ന പ്രക്ഷോഭകന്റെ മൃതദേഹം പിടിച്ചെടുക്കുകയും രഹസ്യമായി സംസ്‌കരിക്കുകയുമായിരുന്നെന്ന്‌ നോര്‍വേ ആസ്‌ഥാനമായ ഹെന്‍ഗോ ഗ്രൂപ്പ്‌ പറയുന്നത്. വെടിവയ്‌പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇസെ, ഇസ്‌ഫഹാന്‍ നഗരങ്ങളില്‍ ബുധനാഴ്‌ചയുണ്ടായ കലാപത്തില്‍ ഒരു സ്‌ത്രീയും രണ്ട്‌ കുട്ടികളും സുരക്ഷാ ഉദ്യോഗസ്‌ഥനുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. മസ്‌ഹാദ്‌ നഗരത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയായ ബസിജ്‌ പാര്‍ലമെന്ററി ഫോഴ്‌സിന്റെ രണ്ടംഗങ്ങളെ പ്രക്ഷോഭകര്‍ കുത്തിക്കൊലപ്പെടുത്തി.

കൊല്ലപ്പെടുന്ന പ്രക്ഷോഭകരുടെ മൃതദേഹങ്ങള്‍ സൈന്യം പിടിച്ചെടുത്ത്‌ രഹസ്യമായി സംസ്‌കരിക്കുകയാണെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കുര്‍ദിസ്‌താനിലെ ദിവാന്‍ദാരെ പട്ടണത്തിലും സൈന്യത്തിന്റെ വെടിവയ്‌പ്പില്‍ നിരവധി പ്രക്ഷോഭകര്‍ക്കു പരുക്കേറ്റു. രാജ്യത്തെ കലാപകാരികളെ യു.എസും ബ്രിട്ടനും ഇസ്രയേലും പ്രോത്സാഹിപ്പിക്കുകയാണെന്ന്‌ ഇറാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം. ഇറാനിലെ നഗരങ്ങളില്‍ നടക്കുന്നതു ഭീകരാക്രമണമാണ്‌. അതിനെ അപലപിക്കാനും വിഘടനവാദികള്‍ക്ക്‌ അഭയം നല്‍കാതിരിക്കാനും രാജ്യാന്തരസമൂഹത്തിനു കടമയുണ്ടെന്ന്‌ ഇറാന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

Related Articles

Latest Articles