Tuesday, May 21, 2024
spot_img

പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉരുണ്ട് കളിച്ച് സിപിഎം; പ്രതിക്കൂട്ടിലായതോടെ ന്യായീകരണവുമായി ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ (Child Missing Case) സംഭവത്തിൽ ഉരുണ്ട് കളിച്ച് സിപിഎം. എസ്എഫ്ഐ വനിതാ നേതാവ് അനുപമയുടെ കുഞ്ഞിനെ പിതാവ് തട്ടിയെടുത്ത സംഭവത്തിൽ പാർട്ടി വെട്ടിലായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പരാതി പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തുവെന്നും കുഞ്ഞിനെ അനുപമയ്‌ക്ക് കിട്ടണമെന്നാണ് പാർട്ടി നിലപാടെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

അനുപമയുടെ അച്ഛൻ ജയചന്ദ്രനുമായി ഫോണിൽ സംസാരിച്ചിരുന്നു. കുഞ്ഞിനെ തിരികെ അമ്മയ്‌ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അമ്മയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നാണ് ജയചന്ദ്രൻ പറഞ്ഞത്. ശിശുക്ഷേമ സമിതി ചെയർമാൻ ഷിജു ഖാനോടും സംസാരിച്ചു. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നാണ് മനസിലായതെന്നും ആനാവൂർ പറഞ്ഞു. അതേസമയം അനുപമയുടേയും അജിത്തിന്റേയും മാതാപിതാക്കളുമായും സംസാരിച്ചിരുന്നു. അനുപമ നിയമപരമായി നീങ്ങിയാൽ പാർട്ടി എല്ലാവിധ പിന്തുണയും നൽകും.

എന്നാൽ കുഞ്ഞിന്റെ അച്ഛൻ അജിത്ത് ഒരിക്കൽ പോലും തന്നെ സമീപിച്ചിട്ടില്ല എന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. കുഞ്ഞിനെ കൈമാറിയ കാര്യം അറിഞ്ഞിട്ടും അജിത്ത് പറഞ്ഞില്ല. പോലീസ് കൃത്യമായി കാര്യങ്ങൾ ചെയ്യണമായിരുന്നു. കുഞ്ഞിനെ കൈമാറണോ വേണ്ടയോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. ഇത് പാർട്ടിപരമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നമല്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

അതേസമയം പരാതിയുമായി ആദ്യം സമീപിച്ചപ്പോൾ അനുഭാവപൂർവ്വമല്ല, ആനാവൂർ നാഗപ്പൻ സംസാരിച്ചതെന്ന് അനുപമ ആരോപിച്ചു. പാർട്ടിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. അന്ന് ദേഷ്യപ്പെട്ടാണ് ആനാവൂർ നാഗപ്പൻ സംസാരിച്ചത്. തന്റെ സമ്മതത്തോടെയല്ലേ കുഞ്ഞിനെ കൊടുത്തത് എന്ന് ചോദിച്ചു. കുഞ്ഞിനെ അന്വേഷിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. കുഞ്ഞിനെ വേർപെടുത്താൻ അച്ഛൻ പാർട്ടി സ്വാധീനം ഉപയോഗിച്ചുവെന്നും അനുപമ ആരോപിച്ചു. ഇതോടെ സംഭവത്തിൽ സിപിഎം കൂടുതൽ വെട്ടിലായിരിക്കുകയാണ്.

Related Articles

Latest Articles