പഞ്ചാബ്: അമേരിക്കന്‍ ഹെലികോപ്റ്ററായ അപ്പാഷെ വ്യോമസേനയ്ക്ക് കൈമാറി.വ്യോമസേനാത്താവളത്തില്‍ നടന്ന ചടങ്ങിലാണ് അപ്പാഷെ ഹെലികോപ്റ്ററുകള്‍ കൈമാറിയത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പൂജയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ലഡാക്ക് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരീക്ഷണം സാധ്യമാക്കുന്ന ഹെലി കോപ്റ്ററുകളാണ് അപ്പാഷെ. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആണ് അമേരിക്കയില്‍ നിന്ന് ലഭിച്ച എട്ട് അപ്പാഷെ ഹെലികോപ്റ്ററുകള്‍ വിന്യസിക്കുക.
അപ്പാഷെ ഹെലികോപ്റ്ററുകള്‍ക്കുള്ള കരാറില്‍ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവച്ചത്. 22 അപാഷെ ഹെലികോപ്റ്ററുകള്‍ക്കായിരുന്നു കരാര്‍ ഒപ്പിട്ടത്.
മേയ് മാസം ആദ്യത്തെ അപ്പാഷെ ഹെലിക്കോപ്റ്റര്‍ അരിസോണയിലെ ബോയിങ് കേന്ദ്രത്തില്‍ വെച്ച് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. യു.എസ് ആയുധ നിര്‍മ്മാതാക്കളായ ബോയിംഗ് ആണ് അപ്പാഷെ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുന്നത്. ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്റ്ററാണ് അപ്പാഷെ. ആകാശ യുദ്ധത്തിലോ കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാന്‍ അപ്പാഷെ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കും.
കൂടുതല്‍ സൈനികരെയും ആയുധങ്ങളെയും ഇന്ധനവുമൊക്കെ വളരെ പെട്ടെന്ന് യുദ്ധമുഖത്തേക്കെത്തിക്കാന്‍ സഹായിക്കുന്ന ചിനൂക് ഹെലികോപ്റ്ററുകള്‍ നേരത്തെ വ്യോമസേന ബോയിംഗില്‍ നിന്ന് വാങ്ങിയിരുന്നു.
ശത്രു പീരങ്കികളെ തകര്‍ക്കാന്‍ കെല്‍പുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയാണ് അപാഷെയുടെ ആയുധക്കരുത്ത്. 50 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെയ്ക്ക് സാധിക്കും.

