Saturday, May 4, 2024
spot_img

അരവണ മൂന്ന് മാസം മുമ്പ് ഉണ്ടാക്കുന്നത്, പ്രസാദമല്ല; തിരക്ക് കുറയ്ക്കാൻ അരവണ പമ്പയിൽ വിതരണം ചെയ്യണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

പത്തനംതിട്ട: അരവണയും അപ്പവും പമ്പയിൽ വിതരണംചെയ്താൽ സന്നിധാനത്തെ തിരക്കു കുറയ്ക്കാനാകുമെന്ന് നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മകരവിളക്കിന് യാത്രക്കാർക്ക് അസൗകര്യമുണ്ടാകില്ലെന്നും വാഹനസൗകര്യം സുഗമമായിരിക്കുമെന്നും പോലീസ് ബസ് തടയുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസിനു മുകളിൽ കയറിയിരുന്നുള്ള അനാവശ്യ സമരങ്ങളൊന്നും അനുവദിക്കില്ലെന്നും സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മകരവിളക്കിന് വാഹനത്തിൻ്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പു പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് ബസ് തടയാന്‍ പാടില്ല. കെ.എസ്.ആര്‍.ടി.സി. ബസുകളെ ഓരോ പോലീസ് കോണ്‍സ്റ്റബിളും വന്ന് തടഞ്ഞിടുന്നത് പറ്റില്ല. കെ.എസ്.ആര്‍.ടി.സി.യെ കടത്തിവിട്ടാല്‍ മാത്രമേ ജനങ്ങള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ.

നമ്മളൊക്കെ ദൈവവിശ്വാസികളാണ്. അത് പറയാന്‍ മടിയില്ലാത്ത ആളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ തവണ ശബരിമലയില്‍ പോയിട്ടുള്ള ആളായിരിക്കും ഞാന്‍. ആദ്യകാലങ്ങളിലൊക്കെ എല്ലാം മാസവും ഞാന്‍ പോകുമായിരുന്നു. അന്ന് ഇതുപോലെ വെളിച്ചവും കോണ്‍ക്രീറ്റ് റോഡുമൊന്നുമില്ല. കോളേജില്‍ പഠിക്കുന്ന കാലത്ത് തേക്കിൻ്റെ ഇലയ്ക്കകത്ത് മെഴുകുതിരി കത്തിച്ചുവെച്ച് തനിച്ച് പോയിട്ടുണ്ട് ഞാന്‍. സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നത്. അസൗകര്യമുണ്ടാവില്ല. ബസുകള്‍ നിറയുന്നതനുസരിച്ച് ആളുകളെ വിടും. വ്രതമെടുക്കുന്നത് മനഃശുദ്ധിക്കും മനഃശക്തിക്കും വേണ്ടിയാണ്. ശരണം വിളിക്കുന്നതിന് പകരം ബസിനു മുകളില്‍ കയറിയിരുന്ന് അസഭ്യം പറയുകയല്ല വേണ്ടത്. അതൊന്നും ഞാനനുവദിക്കില്ല, മന്ത്രി പറഞ്ഞു.

അരവണയും അപ്പവും പമ്പയില്‍വെച്ച് വിതരണം ചെയ്യണം. അരവണയും അപ്പവും മൂന്ന് മാസം മുമ്പേ ഉണ്ടാക്കിവെക്കുന്നതാണ്. ഭഗവാന് നിവേദിക്കുന്ന പ്രസാദമായി ഞാനതിനെ കാണുന്നില്ല. ഭഗവാന് മുന്നില്‍ കൊണ്ടുവെച്ച് പൂജിച്ച് നിവേദിച്ചു തരുന്നതാണ് പ്രസാദം. ഇത് മൂന്ന് മാസം മുമ്പേ ഉണ്ടാക്കി വെക്കുന്ന ഉത്പന്നം താഴെ വിറ്റാല്‍ മതി. പത്തു പേര്‍ ഒരുമിച്ച് ശബരിമലയില്‍ പോകുമ്പോള്‍ രണ്ടുപേര്‍ പോയി ക്യൂനിന്ന് അപ്പവും അരവണയും വാങ്ങുമായിരിക്കും. എട്ട് പേര്‍ അവിടെ കാത്തിരിക്കുകയാണ്. അപ്പോള്‍ സന്നിധാനം നിറയുകയാണ്. അതേസമയം, പമ്പയിലാണ് അത് വിതരണം ചെയ്യുന്നതെങ്കില്‍ അവര്‍ ബാങ്ക് വഴിയാണ് അത് ബുക്ക് ചെയ്യുന്നത്. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് താഴെനിന്ന് അത് വാങ്ങി പോകാം.

സന്നിധാനത്തുനിന്നുതന്നെ വാങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിനാണ്. നെയ്യഭിഷേകത്തിൻ്റെ നെയ് ഒരു ചെറിയ പാത്രത്തിലാക്കി ചന്ദ്രാനന്ദ റോഡിറങ്ങുന്നിടത്ത് വെച്ച് വിതരണം ചെയ്യണം. കൂപ്പണുള്ള എല്ലാവര്‍ക്കും ഒരു ടിന്‍ നെയ് കൊടുക്കാം.

സന്നിധാനത്ത് തൊഴുത് വേഗം ആളുകളെ ഇറക്കണം. തിരക്ക് കുറയ്ക്കാന്‍ വളരെ എളുപ്പമല്ലേ. പ്രായമുള്ളവരേയും കുഞ്ഞുങ്ങളേയും മാത്രം നടപന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കണം, മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles