Sunday, May 5, 2024
spot_img

വണ്ടിപ്പെരിയാർ ആറ് വയസുകാരിയുടെ കൊലപാതകം: സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, അന്വേഷണ ഉദ്യോഗസ്ഥന്‍റെ അലംഭാവവും തെളിവുശേഖരണത്തിലെ പാളിച്ചയും പ്രതിയെ വെറുതെവിടാൻ വഴിവെച്ചെന്ന് കോടതി

കൊച്ചി : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോ‍ടതിയെ സമീപിച്ചത്. കേസിൽ പ്രതി അർജുനിന് നോട്ടീസ് അയച്ച കോടതി ഹർജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ, പ്രോസിക്യൂഷൻ ഹ‍ാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്.

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിലെ പ്രതിയെ പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാതെ പോയതിനാൽ വെറുതെ വിടുകയായിരുന്നു. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

പ്രോസിക്യൂഷന്‍റെ പത്തുപാളിച്ചകളാണ് വണ്ടിപ്പെരിയാർ കൊലപാതകക്കേസിന്‍റെ നട്ടെല്ലൊടിച്ചതെന്നാണ് വിധിന്യായത്തിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ അലംഭാവവും ശാസ്ത്രീയ തെളിവുശേഖരണത്തിലെ പരാജയവും കേസിലുടനീളം പ്രകടമായി. തെളിവുശേഖരണത്തിലും കുറ്റകരമായ നിശബ്ദത പലഘട്ടങ്ങളിലും പ്രകടമാണെന്നും ഉത്തരവിലുണ്ടായിരുന്നു.
ശാസ്ത്രീയ തെളിവുശേഖരണം പരാജയപ്പെട്ടു, അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായി, സംഭവസ്ഥലത്ത് കൃത്യമായ തെളിവ് ശേഖരണം നടന്നില്ല, ശാസ്ത്രീയ തെളിവുകൾക്കായി തൊണ്ടിമുതൽ കസ്റ്റഡിയിലെടുത്തത് ഏറെ വൈകി, ശാസ്ത്രീയ തെളിവുകൾ നശിക്കാതെ സൂക്ഷിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി തുടങ്ങി അന്വേഷണ ഉദ്യോഗസ്ഥന്‍റെ അലംഭാവവും തെളിവുശേഖരണത്തിലെ പാളിച്ചയുമാണ് ഈ കേസിനെ തകർത്തുകളഞ്ഞതെന്നും ഉത്തരവിലുണ്ട്.

Related Articles

Latest Articles