Friday, May 10, 2024
spot_img

‘ഗർഭിണി ആയിട്ടാണോ ജീൻസും വലിച്ചു കയറ്റി ചുണ്ടിൽ ചായവും പൂശി നടക്കുന്നത്’! വാഹന പരിശോധനക്കിടെ യുവതിയെ എസ്‌ഐ അപമാനിച്ചതായി പരാതി

തിരുവനന്തപുരം:തലസ്ഥാനത്ത് വാഹന പരിശോധനക്കിടെ ഗർഭിണിയെയും ഭർത്താവിനെയും പോലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചതായി പരാതി. കിഴക്കേകോട്ടയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്‌ഐയ്ക്ക് എതിരെയാണ് നെടുമങ്ങാട് സ്വദേശികളായ ദമ്പതികൾ പരാതി നൽകിയിരിക്കുന്നത്. “ഇവൾ ഗർഭിണി ആയിട്ടാണോ ജീൻസും വലിച്ചു കയറ്റി ചുണ്ടിൽ ചായവും പൂശി നടക്കുന്നത്” എന്ന് എസ്‌ഐ പറഞ്ഞതായാണ് പരാതിയിൽ പറയുന്നത്.

വൺവേ തെറ്റിച്ചു എന്നതിന്റെ പേരിലാണ് എസ്‌ഐ അപമര്യാദയായി പെരുമാറിയതെന്ന് ദമ്പതികൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും, ഭാര്യയും മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇമെയിൽ വഴി പരാതി നൽകി. ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചേകാലോടെ താലൂക്ക് ഓഫീസിന് സമീപത്ത് നിന്ന് ഇരുചക്ര വാഹനത്തിൽ മണക്കാട് റോഡിലേക്ക് പ്രവേശിച്ചപ്പോൾ വാഹന പരിശോധനയ്ക്ക് നിന്ന പോലീസുകാരുടെ സംഘം ഇരുവരെയും തടഞ്ഞു. തുടർന്ന് ഇത് വൺവേ ആണെന്നും നിയമ ലംഘനം നടത്തിയതിനാൽ 1000 രൂപ പിഴയായി അടയ്ക്കണമെന്നും എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു.

വൺവേ ആണെന്ന് അറിയാതെ പ്രവേശിച്ചതാണെന്ന് വ്യക്തമാക്കിയ വിജിത്ത് കൈയിൽ പണമില്ലാത്തതിനാൽ തുക കോടതിയിൽ കെട്ടിവയ്ക്കാമെന്ന് പറയുകയായിരുന്നു. ഉദ്യോഗസ്ഥർ ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല ഇരുവരെയും പിടിച്ചു നിർത്തുകയും ചെയ്തു. ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞെങ്കിലും വിട്ടയക്കാൻ കൂട്ടാക്കാതിരുന്ന എസ്‌ഐ മനഃപൂർവം അപമാനിക്കുന്ന പ്രസ്‌താവന നടത്തിയെന്ന് പരാതിയിൽ പറയുന്നു.

Related Articles

Latest Articles