Tuesday, May 7, 2024
spot_img

അച്ഛനെ അനുസ്മരിപ്പിച്ച് രഞ്ജിയിൽ അരങ്ങേറ്റ സ്വെഞ്ചുറിയുമായി അർജുൻ തെൻഡുൽക്കർ

പനാജി : രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ മകൻ അര്‍ജുൻ തെൻഡുൽ‌ക്കർ. ഗോവയ്ക്കായി മത്സരിക്കുന്ന അർജുൻ കരുത്തരായ രാജസ്ഥാനെതിരെ സെഞ്ചറി നേടി. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 493 റൺസെന്ന ഭേദപ്പെട്ട നിലയിലാണ് ഗോവ.

അർജുൻ 207 പന്തുകളിൽനിന്ന് 120 റൺസെടുത്തു പുറത്തായി. രഞ്ജി ട്രോഫിയിൽ അർജുന്റെ അരങ്ങേറ്റ മത്സരമാണിത്. മത്സരത്തിന്റെ രണ്ടാം ദിനത്തിൽ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചറി നേടിക്കൊണ്ടാണ് അര്‍ജുൻ തന്റെ വരവറിയിച്ചത്. 16 ഫോറുകളും രണ്ടു സിക്സും താരം അടിച്ചെടുത്തു. മുംബൈ ടീമിലായിരുന്ന അർജുൻ കൂടുതൽ അവസരങ്ങൾ തേടി ഈ സീസൺ മുതലാണ് ഗോവയ്ക്കൊപ്പം ചേർന്നത്.

1988ൽ സച്ചിൻ തെൻഡുല്‍ക്കറും രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചറി തികച്ചിരുന്നു. ഗുജറാത്തിനെതിരെയായിരുന്നു അന്ന് സച്ചിന്റെ സെഞ്ചറി നേട്ടം. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ഗോവയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഗോവയ്ക്കായി സുയാഷ് പ്രഭുദേശായ് ‍ഡബിൾ സെഞ്ചറി നേടി. 416 പന്തുകൾ നേരിട്ട താരം 212 റൺസെടുത്താണു പുറത്തായത്. സ്നേഹൽ കൗതങ്കർ അർധ സെഞ്ചറി തികച്ചു (104 പന്തിൽ 59).

Related Articles

Latest Articles