വയനാട് ദൗത്യം പൂർത്തിയായി സൈന്യം മടങ്ങുന്നു. ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് ഭാഗിക സൈനിക മടക്കം. സെെന്യത്തിന്റെ 500 അംഗസംഘമാണ് ഇപ്പോൾ മടങ്ങുന്നത്. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈനിക അംഗങ്ങൾക്ക് സർക്കാർ ആദരവ് നൽകി യാത്രയയച്ചു.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണ് ഇപ്പോൾ മടങ്ങുന്നത്. എന്നാൽ താൽക്കാലികമായി നിർമ്മിച്ച ബെയ്ലി പാലത്തിന്റെ മെയ്‌ന്റനൻസ് ടീം പ്രദേശത്ത് തുടരും. കൂടാതെ, ഹെലികോപ്റ്റർ തെരച്ചിൽ ടീമും അടുത്ത നിർദേശം വരുന്നത് വരെ ഇവിടെ തുടരുന്നതാണ്. രക്ഷാപ്രവർത്തനം പൂർണ്ണമായും എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് എന്നീ സേനങ്ങൾക്ക് കെെമാറുമെന്നും സെെന്യം അറിയിച്ചു. ദുരന്തഭൂമിയിൽ ജനങ്ങൾ നൽകിയ സേവനത്തിന് സൈന്യം നന്ദി പറഞ്ഞു. അതേസമയം, സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും നന്ദി അറിയിച്ചു.
ചൂരൽമല, മുണ്ടക്കെെ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ നടന്ന ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും എൻഡിആർഎഫും വിവിധ സേനാ വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ജൂലായ് 30ന് ഉച്ചയ്ക്കാണ് ഇന്ത്യൻ കരസേന ദുരന്തഭൂമിയിലെത്തുന്നത്. നിരവധി പേരെയാണ് സെെന്യം ഇതുവരെ രക്ഷിച്ചത്.

