Tuesday, November 3, 2026

മദ്യപാനത്തിനിടെ അരുംകൊല; അന്യസംസ്ഥാന തൊഴിലാളിയെ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തി; പ്രതികളെ പിടിച്ച് പോലീസ്

കൊയിലാണ്ടി: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കഴുത്തിന് ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട്, കോയിലാണ്ടി ഹാര്‍ബറിന് സമീപത്ത് മായന്‍ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷ് (28) ആണ് കൊല്ലപ്പെട്ടത്. ആസാം സ്വദേശികളും ഡുലു രാജിന്‍റെ സുഹൃത്തുക്കളുമായ മനരഞ്ഞൻ (22), ലക്ഷി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കടപ്പുറത്ത് പാറക്കെട്ടിന് സമീപം ഇന്നലെ വൈകീട്ടോടെ മൂവരും ചേര്‍ന്ന് മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി പരിശോധിച്ചപ്പോള്‍ ഒരാള്‍ കമഴ്ന്ന് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും പോലീസെത്തി പരിശോധിച്ചപ്പോള്‍ ഇയാളുടെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയതായും കണ്ടെത്തി. ഉടൻ തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. കടല്‍ ചാടിയ ആളെ ഇതിനിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്, മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഡുലു രാജിന്‍റെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊല്ലപ്പെടുത്തിയതെന്ന് മനസിലായത്. പരിശോധനയ്ക്കിടെ കൊയിലാണ്ടി ബീച്ചിൽ വച്ച് രണ്ടാമത്തെയാളെയും പോലീസ് പിടികൂടി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles

Latest Articles