Monday, April 29, 2024
spot_img

ഏഷ്യൻ ഗെയിംസ് 2023; ഇന്ത്യക്ക് ഇരുപതാം സ്വർണ്ണം; സുവർണ്ണനേട്ടം സ്ക്വാഷ് മിക്സ്‌ഡ്‌ ഡബിൾസിൽ

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20–ാം സ്വർണ്ണം. മിക്സഡ് ഡബിൾസ് സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ, ഹരീന്ദർ പാൽ സിങ് എന്നിവരാണ് സുവർണ്ണനേട്ടം കരസ്ഥമാക്കിയത്. ഫൈനലിൽ രണ്ടാം സീഡായ മലേഷ്യൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങള്‍ 2–0ന് കീഴടക്കിയത്.

അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യൻ വനിതാ താരങ്ങളായ ജ്യോതി, അദിതി, പര്‍നീത് എന്നിവര്‍ സ്വർണ്ണം നേടിയിരുന്നു. ചൈനീസ് തായ്പേയിയെ 230–228 നാണ് ഇന്ത്യൻ സംഘം തോൽപിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 82 മെഡലുകളായി. വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യൻ താരം പൂജ ഗെലോട്ട് സെമിയിൽ കടന്നു. മംഗോളിയന്‍ താരത്തെ 5–1നാണ് പൂജ തോൽപിച്ചത്.

ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയും മെ‍ഡലുറപ്പിച്ചു. ക്വാർട്ടറിൽ മലേഷ്യൻ താരം ലീ സി ജിയാനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ തോൽപിച്ച് പ്രണോയ് സെമിയിൽ കടന്നു. സ്കോർ– 21–16, 21–23,22–20. ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റൻ സിംഗിൾസിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രണോയ്. 1982 ൽ വെങ്കലം സ്വന്തമാക്കിയ സയിദ് മോദിയാണ് ആദ്യ താരം. വനിതാ സിംഗിൾസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടർ‌ ഫൈനലിൽ തോറ്റു. ലോക അഞ്ചാം നമ്പർ താരം ചൈനയുടെ ഹി ബിഞ്ച്യാവോയോടാണ് സിന്ധു തോറ്റത്. സ്കോർ 16–21, 12–21.

Related Articles

Latest Articles