Friday, May 17, 2024
spot_img

89 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ; ഏകീകൃത സിവിൽ കോഡ് ഉടൻ!

ദിസ്പൂർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായുള്ള ആദ്യ പടിയായി 89 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ. പ്രത്യേക മന്ത്രസഭ യോ​ഗത്തിന്റേതാണ് തീരുമാനം. മുസ്ലീം വിവാഹങ്ങളും വിവാഹ മോചനങ്ങളും നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. പകരം ഇവ സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കും രജിസ്റ്റർ ചെയ്യപ്പെടുക.

മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ഇന്നലെ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിലാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കാൻ തീരുമാനിച്ചത്. നിലവിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാനുള്ള ആലോചനകൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള ആദ്യ ചുവടെന്ന നിലയ്ക്കാണ് നിയമം റദ്ദാക്കിയത്.

മന്ത്രി ജയന്ത മല്ലൂറുവയാണ് ഇക്കാര്യം അറിയിച്ചത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായുള്ള ആദ്യ പടിയാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏകീകൃത സിവിൽ നിയമം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാനപ്പെട്ട തീരുമാനം ആണ് ഇപ്പോൾ എടുത്തിരിക്കുന്നത്. അസം മുസ്ലീം മാര്യേജ് ആന്റ് ഡിവോഴ്‌സ് ആക്ട് 1935 റദ്ദാക്കിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി മുതൽ വിവാഹം, വിവാഹ മോചനം എന്നിവയുടെ രജിസ്‌ട്രേഷനുകൾ ജില്ലാ കമ്മീഷണറുടെയും ജില്ലാ രജിസ്ട്രാറിന്റെയും കീഴിലായിരിക്കും. നിയമത്തിന് കീഴിൽ ഇവയുമായി ബന്ധപ്പെട്ട നടപടികൾക്കായി 94 രജിസ്ട്രാറുമാർ പ്രവർത്തിക്കുന്നത്. ഇവരെ പിരിച്ചുവിടും. ഇവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും മല്ലൂറുവ കൂട്ടിച്ചേർത്തു.

Related Articles

Latest Articles