Sunday, June 16, 2024
spot_img

ഫിറ്റല്ലേ ?? എങ്കിൽ കടക്കൂ പുറത്ത്! ശാരീരിക ക്ഷമതയില്ലാത്തവരെ സേനയിൽ നിന്ന് ഒഴിവാക്കാൻ അസം പോലീസ്

ദില്ലി : സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ ശരീരഭാര സൂചിക(ബി.എം.ഐ) ഔദ്യോഗികമായി രേഖപ്പെടുത്താനൊരുങ്ങി അസം പോലീസ്. ഐ.പി.എസ് ഓഫീസര്‍മാരുള്‍പ്പടെ സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ശരീരഭാരം, ഉയരം, ആരോഗ്യസ്ഥിതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തും.

തങ്ങളുടെ ശരീരഘടന മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം സമയം നല്‍കുമെന്നും ഓഗസ്റ്റ് പകുതിക്ക് ശേഷം ബി.എം.ഐ. പരിശോധനയാരംഭിക്കുമെന്നും അസം ഡി.ജി.പി. ജി.പി. സിങ് പറഞ്ഞു. ആരോഗ്യമുള്ളവരെ നിലനിര്‍ത്തി ശാരീരിക ക്ഷമതയില്ലാത്തവരെ ക്രമേണ സേനയില്‍ നിന്ന് നീക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അമിതഭാരമുള്ളവര്‍ക്ക് ഭാരം കുറയ്ക്കാന്‍ മൂന്നു മാസത്തെ സമയം കൂടി നല്‍കുമെന്നും എന്നാൽ ശാരീരിക സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ സ്വയം വിരമിക്കലാവശ്യപ്പെടുമെന്നും ഡി.ജി.പി അറിയിച്ചു. തൈറോയ്ഡ് അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

എഴുപതിനായിരത്തിനടുത്താണ് അസം പോലീസ് സേനയുടെ അംഗ സംഖ്യ എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 650-ഓളം പേര്‍ അമിതഭാരം, അമിത മദ്യപാനം തുടങ്ങി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സേനയ്ക്ക് ഉപകാരമില്ലാത്തവരെ പിരിച്ചുവിടണമെന്ന് നിർദേശം നൽകിയിരുന്നു.

Related Articles

Latest Articles