തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി കേന്ദ്ര ഏജൻസി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്ക് വാഹനം കേടുപാടുകൾ തീർക്കുന്നതിന് ആവശ്യമായ ഒന്നര ലക്ഷം രൂപ ഇ.ഡി നേരിട്ട് കൈമാറുകയായിരുന്നു.
സിപിഎം അതിക്രമത്തിൽ ടാക്സിയുടെ ചില്ലുകളും ബോഡിയും തകരുകയും വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തിരുന്നു. ഇതോടെ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ ഡ്രൈവറുടെ മുഴുവൻ നഷ്ടവും കണക്കാക്കിയാണ് ഇ.ഡി തുക നൽകിയത്. സംഭവത്തിന് തൊട്ടുപിന്നാലെ ടാക്സി ഡ്രൈവർക്കുണ്ടായ മുഴുവൻ നഷ്ടവും പാർട്ടി വഹിക്കുമെന്ന് സിപിഎം നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് തുക നൽകുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു. അതേസമയം, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൂജപ്പുര ലോക്കൽ സെക്രട്ടറി ഐ. പി. ബിനു അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ പോലീസും ഇ.ഡിയും എടുത്ത കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്ന് പ്രമുഖ നേതാക്കളടക്കമുള്ള പ്രതികൾ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.

