തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മലയാളത്തിന്റെ പ്രിയതാരങ്ങൾ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ വോട്ടറായ നടൻ മോഹൻലാൽ രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. മുടവൻമുഗൾ എൽ.പി സ്കൂളിലെ 36-ാം നമ്പർ ബൂത്തിലായിരുന്നു താരത്തിന്റെ വോട്ട്.
സാധാരണക്കാരനായി വരി നിന്നാണ് മോഹൻലാൽ വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടി “ദിസ് ഈസ് മൈ മെസേജ്” (ഇതാണ് എന്റെ സന്ദേശം) എന്ന് അദ്ദേഹം പ്രതികരിച്ചു. ഇതിന്റെ ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
മറ്റ് പ്രമുഖ താരങ്ങളും വിവിധയിടങ്ങളിൽ വോട്ട് രേഖപ്പെടുത്തി.കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ മണ്ഡലത്തിലെ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. നടൻ പൃഥ്വിരാജ് ഭാര്യയും നിർമ്മാതാവുമായ സുപ്രിയയ്‌ക്കൊപ്പം എറണാകുളം മണ്ഡലത്തിലെ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 198-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.സംസ്ഥാനത്തുടനീളം ആവേശകരമായ പോളിംഗ് പുരോഗമിക്കുകയാണ്. പ്രമുഖ താരങ്ങളുടെ സാന്നിധ്യം പോളിംഗ് കേന്ദ്രങ്ങളിൽ വലിയ ജനശ്രദ്ധ ആകർഷിച്ചു.

