Sunday, September 20, 2026

കൊല്ലത്ത് കാർ അപകടത്തിൽ കായികതാരങ്ങൾക്ക് പരിക്കേറ്റ സംഭവം! പരിക്കേറ്റ പെൺകുട്ടി വെന്റിലേറ്ററിൽ, നെയ്യാറ്റിൻകര സ്വദേശിക്കെതിരെ കേസ്

കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ കാർ ഓടിച്ച നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെ കേസെടുത്തു. ദേവനന്ദൻ അടക്കം 4 കെ.എസ്.യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകൻ്റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെൻ്റിലേറ്ററിലാണ്.

ഇന്നലെ വൈകുന്നേരം 6.30-നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനികളിലൊരാൾ അഷ്ടമുടിക്കായലിലേക്കു തെറിച്ചുവീണു. മറ്റൊരാൾക്ക് നടപ്പാതയിൽവീണ് പരിക്കേറ്റു. ഹോക്കി സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം ആരംഭിച്ച വേനൽക്കാല ക്യാമ്പിൽ പങ്കെടുത്തശേഷം രക്ഷിതാക്കൾക്കൊപ്പം മടങ്ങുകയായിരുന്നു വള്ളിക്കീഴ് ഗവ. ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളായ ചിന്നുലക്ഷ്മിയും ധനലക്ഷ്മിയും. ലിങ്ക് റോഡിലെ നടപ്പാതയിലൂടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ഭാഗത്തേക്കു പോയ ഇവരെ, അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചിന്നുലക്ഷ്മി അഷ്ടമുടിക്കായലിലേക്കു തെറിച്ചുവീണു. പരിസരത്തുണ്ടായിരുന്നവർ ഉടൻ കുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ചു.

പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശിയായ നിയമവിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടസമയത്ത്‌ മകൻ കാറിലുണ്ടായിരുന്നില്ല.

Related Articles

Latest Articles