Monday, May 6, 2024
spot_img

വന്യജീവി ശല്യം! പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറിൽ ഒപ്പിട്ട് കേരളവും കര്‍ണാടകയും

വന്യജീവിശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറിൽ ഒപ്പിട്ടു. ഇരു സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് അതത് സംസ്ഥാനങ്ങളിലെ വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്‌നാടും കരാറിന്റെ ഭാഗമാണെങ്കിലും തമിഴ്‌നാട് വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ കരാറിൽ ഒപ്പിട്ടിട്ടില്ല. കരാറിന്‍റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കും. ബന്ദിപ്പൂരില്‍ വച്ച് നടന്ന മൂന്ന് സംസ്ഥാനങ്ങളുടെയും കോർഡിനേഷൻ യോഗത്തിലായിരുന്നു കരാറിൽ ഒപ്പിട്ടത്.

കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് എത്തിയത്.

ചാർട്ടറിൽ ഉൾപ്പെടുത്തിയ 4 ലക്ഷ്യങ്ങൾ

  1. മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേടുക
  2. പ്രശ്നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി
  3. വിഭവ സഹകരണം. വിവരം വേഗത്തിൽ കൈമാറല്‍, വിദഗ്ധ സേവനം ഉറപ്പാക്കല്‍
  4. വിഭവശേഷി വികസനം , അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.

അന്തര്‍ സംസ്ഥാന ഏകോപന സമിതിയുടെ പ്രവര്‍ത്തന രീതി ICC (interstate coordination committee)

  1. ഒരു നോഡല്‍ ഓഫീസര്‍
  2. സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ അസി. നോഡല്‍ ഓഫീസർമാർ
  3. ഒരു ഉപദേശക സമിതി
  4. മൂന്ന് സംസ്ഥാനത്ത് നിന്നും അംഗങ്ങൾ
  5. വർക്കിങ് ഗ്രൂപ്പ്‌ (പ്രശ്ന മേഖലയിൽ ഇടപെടാൻ )

Related Articles

Latest Articles