തിരുവനന്തപുരം: രാഷ്ട്രപതിയുടെ (Ram Nath Kovind) സന്ദർശനത്തിനിടെ തിരുവനന്തപുരത്ത് വൻ സുരക്ഷാവീഴ്ച.
മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് കയറ്റാൻ ശ്രമം. സംഭവം വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്ക് വരവെയായിരുന്നു. എന്നാൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായോ എന്ന് അറിയില്ലെന്നാണ് മേയർ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ദില്ലിയിലേക്ക് മടങ്ങും. ഇതിന്റെ പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് 1 മണിവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനുപുറമേ രാഷ്ട്രപതിയുടെ വാഹനം കടന്നു പോകുന്ന റോഡുകളിലും സമീപ മേഖലകളിലും വാഹനം പാർക്ക് ചെയ്യുന്നതിന് നിരോധനവും ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് മേയറുടെ വാഹനം മുന്നറിയിപ്പില്ലാതെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് ത്രിദിന സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിൽ എത്തിയത്. കുടുംബവും ഒപ്പമുണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിനും കുടുംബത്തിനും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കൊച്ചിയിൽ നിന്നും ഇന്നലെ രാവിലെയാണ് അദ്ദേഹം തിരുവനന്തുപുരത്ത് എത്തിയത്. കൊച്ചിയിൽ എത്തിയ രാംനാഥ് കോവിന്ദ് കൊച്ചിൻ ഷിപ്പ്യാർഡിൽ എത്തി ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ശേഷം തലസ്ഥാനത്ത് എത്തിയ അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ പ്രതിമ അനാവരണം ചെയ്തു. ഇന്നലെ വൈകീട്ട് പത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടി അദ്ദേഹവും കുടുംബവും പത്മനാഭ ക്ഷേത്രത്തിലും എത്തിയിരുന്നു.

