Friday, October 16, 2026

വ്യാജ രേഖയുണ്ടാക്കി പരോളിന് ശ്രമം; തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതര്‍; ഉത്ര വധക്കേസ് പ്രതിക്കെതിരെ കേസ്; സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ അമ്മയും കുടുങ്ങും

തിരുവനന്തപുരം: ജയിലില്‍ നിന്നും പരോളിലിറങ്ങാന്‍ വ്യാജ രേഖയുണ്ടാക്കി ഉത്ര കൊലക്കേസ് പ്രതി സൂരജ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച സൂരജിനെ ജയില്‍ അധികൃതര്‍ കയ്യോടെ പിടികൂടുകയായിരുന്നു. സൂരജിന് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ അമ്മയും ഇതോടെ കുടുങ്ങും. അടിയന്തര പരോൾ ആവശ്യപ്പെട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ അച്ഛന് ​ഗുരുതര രോ​ഗമാണെന്ന് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തു.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് സൂരജിന്റെ കള്ളം പൊളിഞ്ഞത്. സൂരജ് തന്റെ ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം കഠിന തടവ് അനുഭവിച്ച് വരികയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതിനിടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂരജ് സൂപ്രണ്ടിന് അപേക്ഷ നല്‍കുന്നത്. പരോളിനായി ഹാജരാക്കിയ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന് ഗുരുതര രോഗമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ വിവരങ്ങള്‍ ചോദിച്ചു. സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കി. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.

വ്യാജ രേഖയാണെന്ന് വ്യക്തമായതോടെ സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര രോഗമെന്ന് എഴുതി ചേര്‍ത്തതെന്നാണ് കണ്ടെത്തല്‍. സൂരജിനു വേണ്ടി പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം. സൂരജിന് വേണ്ടി അയായിരുന്നു ജയിലില്‍ സര്‍ട്ടിഫക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. വ്യാജ രേഖ ചമച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്താനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം. ഇതോടെ സൂരജിന്റെ അമ്മയും കുടുങ്ങും. ഒപ്പം സൂരജിനെ സഹായിച്ചവരെയും ഇനി കണ്ടെത്തണം. പോലീസ് അന്വേഷണത്തിനാണ് ഗൂഡാലോചന വ്യക്തമാകേണ്ടത്. പരോള്‍ സംഘടിപ്പിക്കാന്‍ വ്യാജ രേഖകളുണ്ടാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന സംശയുമുണ്ട്.

Related Articles

Latest Articles