Monday, April 29, 2024
spot_img

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; അനന്തപുരിയിൽ ഇനി ഉത്സവനാളുകൾ, പൊങ്കാല 25ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. ദേവിയെ കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്. 25- നാണ് വിശ്വപ്രസിദ്ധമായ പൊങ്കാല. ഉത്സവത്തിനു മുന്നോടിയായി 15ന് ആരംഭിച്ച ശുദ്ധികലശം കഴിഞ്ഞ ദിവസം അവസാനിച്ചു. സംസ്ഥാനത്തിന്റെ നാനാഭാ​ഗത്ത് നിന്നും ഭക്തജനങ്ങൾ അമ്മയുടെ തിരുസന്നിധിയിലേക്ക് എത്തിച്ചേരും.

അതിരാവിലെ തന്നെ ക്ഷേത്രത്തിൽ ഉഷ ശ്രീബലി പൂജകൾ നടന്നു. തുടർന്നാണ് കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടക്കുന്നത്. പഞ്ചലോഹത്തിൽ നിർമ്മിച്ച രണ്ട് കാപ്പുകളിൽ ഒന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തിയുടെ കൈയിലും കെട്ടുന്നതാണ് കാപ്പുകെട്ടൽ ചടങ്ങ്. തുടർന്ന് പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് മേൽശാന്തിയെ കാപ്പണിയിക്കുന്നത്. ഒമ്പതാം ദിവസം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുനള്ളിക്കുന്ന ദേവി തിരിച്ചെത്തിയ ശേഷമാണ് ദേവിയുടെ ഉടവാളിൽ നിന്നും മേൽശാന്തിയുടെ കൈയിൽ നിന്നും കാപ്പഴിക്കുന്നത്.

25-ന് 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 26-ന് രാത്രി 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി മഹോത്സവം സമാപിക്കും. പൊങ്കാല ഉത്സവം തുടങ്ങി മൂന്നാം ദിനമാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലിയും നടക്കും.

Related Articles

Latest Articles