Thursday, May 2, 2024
spot_img

മാര്‍ച്ച് വരെ അയോദ്ധ്യ ശ്രീരാമക്ഷേത്ര ദര്‍ശനം ഒഴിവാക്കണം; കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

മാര്‍ച്ച് മാസംവരെ അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ക്ഷേത്രത്തിലെ തിരക്ക് പരിഗണിച്ച്, തല്‍ക്കാലം ക്ഷേത്രം സന്ദര്‍ശിക്കേണ്ടതില്ലെന്ന് ബുധനാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ടുചെയ്തു.

നിലവിലെ വന്‍ തിരക്കിനിടെ, പ്രോട്ടോകോള്‍ പ്രകാരം വി.ഐ.പികള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാല്‍ മാര്‍ച്ച് മാസത്തില്‍ സന്ദര്‍ശനം നടത്താനുമാണ് മോദി നിർദേശം നൽകിയിരിക്കുന്നത്.

ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വി.ഐ.പികള്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. വി.ഐ.പികള്‍ ക്ഷേത്ര ദര്‍ശനത്തിന് ഒരാഴ്ച മുമ്പ് സംസ്ഥാന സര്‍ക്കാരിനെയോ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിനെയോ വിവരമറിയിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കിയ ചൊവ്വാഴ്ച അഞ്ച് ലക്ഷംപേരാണ് ദര്‍ശനത്തിനായി എത്തിയത്. തിരക്കുകാരണം അയോധ്യയിലേക്കുള്ള ബസ്സുകള്‍ അധികൃതര്‍ക്ക് തിരിച്ചുവിടേണ്ടിവന്നു. ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും മൂന്ന് ലക്ഷത്തോളം തീര്‍ഥാടകരാണ് ബുധനാഴ്ച ക്ഷേത്രത്തിന് പുറത്ത് കാത്തുനിന്നത്.

Related Articles

Latest Articles