Thursday, May 2, 2024
spot_img

രാമനവമി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യപുരി; ദർശനത്തിനായി രണ്ട് ലക്ഷത്തോളം ഭക്തർ എത്തുമെന്ന് പ്രതീക്ഷ; തിരക്ക് ഒഴിവാക്കാൻ മികച്ച സംവിധാനങ്ങൾ, ഭക്തർക്കായി അവശ്യ സൗകര്യങ്ങൾ ഒരുക്കിയെന്ന് ക്ഷേത്ര ജനറൽ സെക്രട്ടറി

ലക്‌നൗ: രാമനവമി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യപുരി. രാമനവമി ദിനത്തിൽ രാമജന്മഭൂമിയിലേക്ക് നിരവധി ഭക്തജനങ്ങളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പയ് റായ്. ഹോളി ആഘോഷങ്ങളുടെ ഭാഗമായും ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാമനവമി ദിനത്തിൽ രണ്ട് ലക്ഷത്തോളം ഭക്തർ അയോദ്ധ്യാ ക്ഷേത്രം സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചൂടാണ് ഭക്തർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ ചെറുക്കാനായി ദാഹജലം ഉൾപ്പെടെയുള്ള ആവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ ഭക്തർ എത്തിയാലും സുരക്ഷയൊരുക്കാൻ കഴിയും. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം നിരവധി ഭക്തരാണ് ഇവിടെ എത്തിയത്. എന്നാൽ ഇതുവരെ ആരും തിക്കിലും തിരക്കിലും അകപ്പെട്ടതായി ഒരു വിവരവും റിപ്പോർട്ട് ചെയ്തിട്ടില്ല. മുന്നോട്ടും അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും ചമ്പത് റായ് പറഞ്ഞു.

രാമക്ഷേത്രം സന്ദർശിക്കുന്ന സമയത്ത് എല്ലാവരും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. വേനൽക്കാലം ആരംഭിച്ചതോടെ താപനില വലിയതോതിൽ ഉയരുന്നുണ്ട്. എല്ലാവരും ശരീരത്തിന് സുഖപ്രദമാകുന്ന തരത്തിൽ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. സംഘമായി എത്തുന്ന ഭക്തർ പരമാവധി കൂട്ടം തെറ്റി പോകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അതേസമയം, വേനൽ ആരംഭിച്ചതോടെ രാം ലല്ലയെയും കോട്ടൻ വസ്ത്രങ്ങളാണ് ധരിപ്പിക്കുന്നത്. ഭഗവാൻ ധരിച്ചിരിക്കുന്ന വസ്ത്രം കൈത്തറി, പരുത്തി, മാൽമാൽ എന്നിവകൊണ്ട് നിർമ്മിച്ചവയാണ്. പ്രകൃതിദത്തമായ ഇൻഡിഗോ ചായം പൂശി ഗോട്ടാപൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രത്തിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

Related Articles

Latest Articles