Saturday, May 18, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം കൂടുതൽ കുരുക്കിൽ! സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം ഇ ഡി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

ദില്ലി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് കുരുക്കായി ഇ ഡിയുടെ നടപടി. സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് ഇ ഡി കൈമാറി. ഒപ്പം ധനമന്ത്രാലയത്തിനും ആർബിഐക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ ഡി ആരോപണം. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകൾ ഉപയോഗിച്ചു. ഓഡിറ്റ് വിവരങ്ങളിൽ നിന്ന് മറച്ച് വച്ചെന്നും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി ആരോപിക്കുന്നു. 2023 മാർച്ച് 21ലെ ബാലൻസ് ഷീറ്റ് പ്രകാരം, ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാർട്ടിയുടെ ജില്ലാതല നേതാക്കളുടെ നിർദേശമനുസരിച്ച്, പാവപ്പെട്ടവരുടെ പേരിൽ അവരറിയാതെ വായ്പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തി. മുൻ മന്ത്രിയും സിപിഎം എൽഎൽഎയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്പകൾ അനുവദിച്ചതായി കണ്ടെത്തിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

കരുവന്നൂരിൽ മാത്രമല്ല, കേരളത്തിലെ ഒട്ടേറെ സഹകരണ സൊസൈറ്റികളിലും സമാനമായ ക്രമക്കേടുകളുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 4 പേർ അറസ്റ്റിലായെന്നും ഇ ഡി വ്യക്തമാക്കി. ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത യഥാർഥ രേഖകൾ നൽകാൻ വിസമ്മതിക്കുന്നതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി മൂന്നിനു പരിഗണിക്കാൻ മാറ്റിയിരുന്നു.

Related Articles

Latest Articles