Monday, April 29, 2024
spot_img

ബദൽ സംഘടനയുണ്ടാക്കി ദേവസ്വം ബോർഡ് ! അയ്യപ്പ സേവാ സംഘത്തിൽ കൂട്ടയടി

തിരുവനന്തപുരം: ശബരിമല ഉത്സവത്തിന് കൊടിയേറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇത്തവണ ഉത്സവത്തിന് അയ്യപ്പ സേവാസംഘത്തിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നുറപ്പായി. അയ്യപ്പസേവാ സംഘത്തിൽ നടക്കുന്ന അധികാര വടംവലി തത്വമയി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ഇക്കൊല്ലത്തെ ഉത്സവത്തിന് പമ്പയിലെയും സന്നിധാനത്തെയും ക്യാമ്പ് ഓഫീസുകൾ പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതി വരുമെന്ന തത്വമയിയുടെ വിലയിരുത്തൽ ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ഇന്നലെയുണ്ടായത്. ജനറൽ സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര വടംവലിയാണ് സംഘടനയെ പ്രതിസന്ധിയിലാക്കിയത്. ഇന്നലെ ട്രിച്ചിയിൽ നിശ്ചയിച്ചിരുന്ന സംഘടനയുടെ ജനറൽ ബോഡിയോഗം അംഗങ്ങളുടെ പങ്കാളിത്തമില്ലാതെ പരാജയപ്പെട്ടു. പ്രസിഡന്റ് ഡോ. അയ്യപ്പൻ യോഗത്തിൽ പങ്കെടുത്തില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള 213 അംഗങ്ങളും 20 മലയാളികളും ഉൾപ്പെടെ 233 പേർ മാത്രമാണ് പങ്കെടുത്തത്. കർണ്ണാടക ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പസേവാ സംഘം പ്രവർത്തകർ യോഗം ബഹിഷ്‌കരിച്ചു. ഒരു മണിക്കൂറിനുള്ളിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു.

അയ്യപ്പസേവാ സംഘത്തിന്റെ അഭാവം ഉറപ്പായതോടെ ബദൽ സംഘടന രൂപീകരിച്ച് മുന്നോട്ട് പോകുകയാണ് ദേവസ്വം ബോർഡ്. അതേസമയം യോഗം തളിപ്പറമ്പ് മുൻസിഫ് കോടതി ഉത്തരവിനെതിരാണെന്നും അതുകൊണ്ടു തന്നെ സ്റ്റേ ഉത്തരവ് മറികടന്ന് യോഗം സംഘടിപ്പിച്ച അഡ്വ ഡി വിജയകുമാറിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മറുഭാഗം മുന്നോട്ട് പോകാൻ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞമാസം 14 നാണ് അയ്യപ്പസേവാ സംഘത്തിന്റെ പമ്പയിലെയും സന്നിധാനത്തെയും ക്യാമ്പ് ഓഫിസുകൾ അടച്ചു പൂട്ടിയത്. ജനറൽ സെക്രട്ടറിയായിരുന്ന കാലടി വേലായുധൻ നായരുടെ മരണത്തെ തുടർന്നാണ് സംഘടനയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. സംഘടന പിടിക്കാൻ ഒരു വിഭാഗം നടത്തുന്ന നീക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

Related Articles

Latest Articles