Saturday, April 27, 2024
spot_img

ഏഷ്യൻ ഗെയിംസിന് ടീമുകളെ അയക്കാൻ ബിസിസിഐ ; നായകസ്ഥാനത്തേക്ക് സഞ്ജുവിനെയും പരിഗണിക്കുന്നതായി റിപ്പോർട്ട്

ദില്ലി : ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് പുരുഷ -വനിതാ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതോടെ യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചേക്കും. വരുന്ന ഒക്ടോബറിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ രണ്ടാം നിര ടീമിനെയായിരിക്കും ഇന്ത്യ ഏഷ്യൻ ഗെയിംസിനായി അയക്കുക. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് നടക്കുന്നത്.

രോഹിത് ശർമ, വിരാട് കോലി, ഹാർ‌ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കെ.എൽ. രാഹുൽ തുടങ്ങിയ സീനിയർ താരങ്ങൾ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉണ്ടാവില്ല. നിലവിൽ വിൻഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെ ലോകകപ്പ് ടീമിൽ ഇടം നേടിയില്ലെങ്കിൽ ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുത്തും.

ടീമിനെ സഞ്ജു സാംസൺ നയിച്ചേക്കുമെന്നും ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച അനുഭവ സമ്പത്തും സഞ്ജുവിനു തുണയാകും.വെറ്ററൻ താരം ശിഖർ ധവാനെ ഏഷ്യൻ ഗെയിംസിനായി പരിഗണിക്കാനും സാധ്യതയുണ്ട്. അതെ സമയം ഇന്ത്യൻ വനിതകളുടെ ഒന്നാം നിര ടീമായിരിക്കും ഏഷ്യാകപ്പിൽ ഇറങ്ങുക. 2010, 2014 ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല.

Related Articles

Latest Articles