Saturday, May 4, 2024
spot_img

കണ്ണും മനസും നിറച്ച് ബീറ്റിംഗ് ദി റിട്രീറ്റ്; ആകാശ വിസ്മയം തീർത്ത് ആയിരക്കണക്കിന് ഡ്രോണുകൾ; വൈറലായി ചിത്രങ്ങൾ

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് കൊട്ടിക്കലാശം. ആയിരം ഡ്രോണുകൾ ആകാശത്തൊരുക്കിയ വർണവിസ്മയവും സ്വാതന്ത്ര്യസമര കഥകൾ പറഞ്ഞ ലേസർ ഷോയും പാശ്ചാത്യ ഈണങ്ങൾക്ക് പകരം ഇന്ത്യൻ ഗാനങ്ങൾ ഉയർന്ന ബാൻഡ് മേളവും ദൃശ്യ,ശ്രാവ്യ അനുഭവമൊരുക്കിയ ബീറ്റിംഗ് റിട്രീറ്റ് (Beating Retreat 2022 ) ചടങ്ങോടെ ഇന്നലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തിരശീല വീണു. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ നടന്ന സായുധ സേനാംഗങ്ങളുടെ ബീറ്റിംഗ് റിട്രീറ്റ് ബാൻഡ് മേളയിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഡ്രോണുകളുടെ പ്രകടനവും ലേസർ ഷോയും ഉൾപ്പെടുത്തിയത്.

ബീറ്റിംഗ് ദ റിട്രീറ്റ് പരിപാടിയിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കര-നാവിക-വ്യോമ സേനയിലെ മേധാവികൾ എന്നിവർ പങ്കെടുത്തു. മൂന്ന് സേനാ വിഭാഗങ്ങളുടെയും വാദ്യസംഘം നടത്തുന്ന സംഗീത പ്രദർശനമാണ് ബീറ്റിംഗ് ദി റിട്രീറ്റ്. ‘ഹേ കാഞ്ച’, ‘ചന്ന ബിലൗരി’, ‘ജയ് ജനം ഭൂമി’, ‘നൃത്യ സരിത’, ‘വിജയ് ജോഷ്’, ‘കേസരിയ ബന്ന’, ‘വീർ സിയാച്ചിൻ’, ‘ഹാത്രോയ്’, ‘വിജയഘോഷ്’, ‘ലഡാക്കൂ’, ‘സ്വദേശി’, ‘അമർ ചട്ടൻ’, ‘ഗോൾഡൻ ആരോസ്’, ‘സ്വർണ്ണ ജയന്തി’ തുടങ്ങിയ 26 രാഗങ്ങളാണ് ഈ വർഷത്തെ ചടങ്ങിൽ മുഴങ്ങിയത്.

പരിപാടിയിൽ 44 ബഗ്ലർമാരും 16 ട്രംപറ്ററുകളും 75 ഡ്രമ്മറുകളും പങ്കുചേർന്നു. രാജ്യത്തിനായി വീരമൃത്യു വരിച്ച് സൈനികർക്കും, മറ്റ് സേനാ ഉദ്യോഗസ്ഥർക്കും, രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിക്കും ഭാരതീയ സംഗീതത്തിലൂടെ പരിപാടിയിൽ ആദരവർപ്പിച്ചു. ഇന്ത്യൻ സൈനിക ചരിത്രത്തിൽ ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു ഈ വർഷത്തെ ബീറ്റിംഗ് റിട്രീറ്റ്. വാദ്യസംഘം പാശ്ചാത്യ ബാന്റ് രചനകൾക്ക് പകരമായി ഇന്ത്യൻ സംഗീതമാണ് ഇക്കുറി ആലപിച്ചത്.

ആകാശ വിസ്മയം തീർത്ത് ആയിരക്കണക്കിന് ഡ്രോണുകൾ

കൂടാതെ, ഈ വേളയിൽ ആയിരം തദ്ദേശീയ ഡ്രോണുകൾ ഉപയോഗിക്കുന്ന വർണവിസ്മയക്കാഴ്ചയും ഒരുക്കിയിരുന്നു. ലോകത്ത് ബീറ്റിംഗ് ദി റിട്രീറ്റ് പരിപാടിയിൽ ആയിരം ഡ്രോണുകൾ ദൃശ്യ വിസ്മയം ഒരുക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുകെ, റഷ്യ, ചൈന എന്നിവിടങ്ങളിൽ ഇതിന് മുൻപ് ഇത്തരത്തിൽ ഡ്രോൺ ഉപയോഗിച്ച് വലിയ രീതിയിലുള്ള പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ആസാദി കാ അമൃത മഹോത്സവം എന്നതിനെ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങളാണ് ആകാശത്ത് ഡ്രോണുകൾ വരച്ചുകാട്ടിയത്. ഐ.ഐ.ടി ദില്ലിയുടെ നേതൃത്വത്തിൽ ബോട്ലാബ് ഡൈനാമിക്സ് എന്ന സ്ഥാപനമാണ് ഡ്രോൺ ഷോ ഒരുക്കിയത്. എല്ലാ വർഷവും ജനുവരി 29നാണ് ബീറ്റിംഗ് ദി റിട്രീറ്റ് നടത്തിവരുന്നത്.

Related Articles

Latest Articles