Wednesday, May 15, 2024
spot_img

ബൈക്ക് റേസ് ഫ്രീക്കൻമാർക്ക് ഇനി പിടി വീഴും ; മത്സരയോട്ടം കണ്ടാല്‍ ഉടൻ 112 ല്‍ വിളിക്കുക: ഫേസ്ബുക്കിൽ മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി: സോഷ്യല്‍മീഡിയയില്‍ വൈറലാവാൻ വേണ്ടി മത്സരയോട്ടങ്ങള്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. അമിതവേഗത്തില്‍ വാഹനമോടിച്ച്‌ ഇത്തരത്തില്‍ വൈറലാകാന്‍ ശ്രമിച്ച് ബൈക്ക് റേസ് നടത്തി കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്.

ഇത്തരം സംഭവങ്ങള്‍ കേരളത്തിലും കേരളത്തിന് പുറത്തും നിരവധിയാണ്. ഇനിയും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലും കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നുണ്ടെന്ന് പോലീസ് ഔദ്യോ​ഗിക ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല മത്സരയോട്ടം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ചറിയിക്കണമെന്നും ഫേസ്ബുക് കുറിപ്പില്‍ മുന്നറിയിപ്പും നൽകുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ് :

വൈറലാകാന്‍ ബൈക്ക് റേസ്

പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

നിരത്തുകളില്‍ ബൈക്ക് റേസിങ്‌, സ്റ്റണ്ടിങ്‌ എന്നിവ നടത്തി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുചെയ്ത്‌ വൈറലാകാന്‍ ശ്രമിക്കുന്നതാണ് ചിലരുടെ ഇഷ്ടവിനോദം. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളുമാണ് ഇത്തരത്തിലുള്ള സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ പ്രധാനമായുള്ളത്.‌ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ മൂന്നു ജീവനുകള്‍ പൊലിയാന്‍ കാരണവും ഇത്തരത്തില്‍ വൈറലാകാന്‍ ശ്രമിച്ച ബൈക്ക് റേസ് ആണ്. അമിതവേഗത്തില്‍ പാഞ്ഞെത്തുന്ന ഇവര്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്‍പിലും യാത്രക്കാരുടെ മുന്‍പിലും അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. പൊലീസോ ഗതാഗതവകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താല്‍ അതിനെയും അംഗീകാരമായി കണ്ടു സ്റ്റേറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്കു ‘റീച്ച്‌’ കിട്ടുന്നുവെന്നതാണ് പ്രത്യേകത.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നുണ്ട്. മത്‌സരയോട്ടം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ചറിയിക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles