Monday, May 6, 2024
spot_img

‘ഗുണ്ടാപ്രവര്‍ത്തനമാണോ മന്ത്രിക്ക് വേണ്ട യോഗ്യതയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’: പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഈ സര്‍ക്കാരില്‍ മന്ത്രിക്ക് വേണ്ട യോഗ്യത ഗുണ്ടാപ്രവര്‍ത്തനമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാത്രമല്ല സുപ്രീംകോടതി അന്തിമവിധി പറഞ്ഞ ഒരു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കോടതിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു. നിയമസഭാ കയ്യാങ്കളിയുടെ വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. അദ്ദേഹം പറഞ്ഞത് ഇങ്ങനെ…

‘നിയമസഭയ്ക്ക് അകത്ത് നടക്കുന്ന പ്രശ്നങ്ങള്‍ അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ് വഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള അനാദരവാണ്‌. നിയമസഭാ സമാജികരുടെ പ്രിവിലേജ് എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് കോടതി അസന്നി​ഗ്ധമായി വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇത് അം​ഗീകരിക്കാന്‍ തയ്യാറാവുന്നില്ല. സുപ്രീംകോടതിയെ പഴിചാരി മന്ത്രിയെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ശിവന്‍കുട്ടിയില്‍ നിന്നും രാജി എഴുതിവാങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. കോടതി പരാമര്‍ശം ഉണ്ടാകുമ്പോൾ രാജിവയ്ക്കുകയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാരുടെ കീഴ്വഴക്കം. എന്നാല്‍ പിണറായി സര്‍ക്കാര്‍ എല്ലാ ധാര്‍മ്മികതയും കാറ്റില്‍ പറത്തുകയാണ്. തുടര്‍ഭരണം തന്റെ ഫാസിസ്റ്റ് ശൈലിക്കുള്ള അം​ഗീകാരമാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.

അതേസമയം ശിവന്‍കുട്ടി രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് . പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടി പൊതുഖജനാവിലെ പണം ഉപയോ​ഗിച്ച്‌ കേസ് നടത്തുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ശിവന്‍കുട്ടിയെ പോലൊരു വിദ്യാഭ്യാസമന്ത്രി തുടരുന്നത് കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ​അതുകൊണ്ട് ഗുണ്ടാപ്രവര്‍ത്തനമാണോ ഈ സര്‍ക്കാരില്‍ മന്ത്രിക്ക് വേണ്ട യോ​ഗ്യതയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles